മുണ്ടക്കയം : പാറത്തോട്, പൂഞ്ഞാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മാളിക - വേങ്ങത്താനം ഭാഗത്ത് സ്ഥിതി ചെയ്യുന്ന വേങ്ങത്താനം അരുവിയുടെ ടൂറിസം വികസനത്തിന് 28.40 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഈരാറ്റുപേട്ടയിൽ നിന്ന് ചേന്നാട്-മാളിക വഴിയും പാറത്തോട്ടിൽ നിന്ന് പാലപ്ര-മാളിക വഴിയും വേങ്ങത്താനം അരുവിയിൽ എത്താൻ സാധിക്കും. സുരക്ഷാക്രമീകരണങ്ങളോടുകൂടി പ്രകൃതിരമണീയമായ വേങ്ങത്താനം അരുവി വെള്ളച്ചാട്ടം സന്ദർശകർക്ക് ആസ്വദിക്കുന്നതിനും, സൗകര്യപ്രദമായി പ്രദേശത്തേയ്ക്ക് എത്തുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അരുവിയിലെ വെള്ളച്ചാട്ടം സുരക്ഷിതമായി വീക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയ വ്യൂ പോയിന്റുകൾ, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ഉൾപെടുത്തിയ ബോർഡുകൾ, സുരക്ഷാ ബാരിക്കേഡുകൾ എന്നിവയും ഒരുക്കും.