antojose

പാലാ. കൂടുതൽ ഭരണവൈഭവം കൈവരിക്കാനുള്ള ദേശീയ ശില്പശാലയിൽ പങ്കെടുക്കാൻ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പൂനെയിലേക്ക് പോകുന്നു; എന്നാൽ പഠിച്ചുവരുമ്പോൾ പണികാണില്ലല്ലോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

ഇടതുമുന്നണിയിലെ മുൻധാരണപ്രകാരം ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ ചെയർമാൻ പദവി ഡിസംബറിൽ തീരുകയാണ്. സി.പി.എം. കൗൺസിലർ ബിനു പുളിക്കക്കണ്ടമാണ് അടുത്ത രണ്ടുവർഷം ചെയർമാൻ പദവി കൈയാളുക. ഈ സാഹചര്യത്തിൽ സ്ഥാനത്തുനിന്നും മാറുന്നതിന് ഒന്നരമാസം മുമ്പ് പോയി പരിശീലനം നേടിയിട്ട് എന്തുപ്രയോജനമെന്ന സന്ദേഹമാണ് പ്രതിപക്ഷ കൗൺസിലർമാർ ഉയർത്തുന്നത്.

പൂനെയിലെ പ്രശസ്തമായ യശ്വന്തര ചവാൻ അക്കാഡമി ഒഫ് ഡെവലപ്‌മെന്റ് ആന്റ് അഡ്മിനിസ്‌ട്രേഷനിൽ 17 മുതൽ 21 വരെ നടക്കുന്ന ദേശീയ ശില്പശാലയിലാണ് ആന്റോ ജോസ് പങ്കെടുക്കുക. കേരളത്തിലെ 87 നഗരസഭകളിൽ 16 ഇ‌ടങ്ങളിലെ ചെയർമാൻമാരെയേ ഈ ദേശീയ ശില്പശാലയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളൂ. വിവരസാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും നഗരഭരണം കൂടുതൽ സുതാര്യവും ചടുലവുമാക്കുന്നതിനും വേണ്ട ക്ലാസുകളാണ് ശില്പശാലയിൽ ഉണ്ടാകുക. വിമാന യാത്ര ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നല്കിക്കൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പ് ചെയർമാൻമാരെ പൂനയിലേക്ക് അയയ്ക്കുന്നത്.

ഇതേസമയം നഗരസഭയുടെ തനതുഫണ്ടിൽ നിന്ന് വൻതുക ചെലവഴിച്ച് നടത്തുന്ന ഈ യാത്രകൊണ്ട് എന്തുപ്രയോജനമാണ് ലഭിക്കുകയെന്ന് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനി ചോദിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷംകൊണ്ട് വിവിധ മേഖലകളിൽ പാലാ നഗരസഭ കൈവരിച്ച നേട്ടങ്ങൾ ആന്റോ ജോസിനെ ശില്പശാലയിലേയ്ക്ക് തെരഞ്ഞെടുത്തതിന് പിന്നിലുണ്ടെന്നാണ് നഗരസഭാ വൃത്തങ്ങൾ അവകാശപ്പെടുന്നത്.