കോട്ടയം: താഴത്തങ്ങാടി കുമരകം റോഡിലെ എക്കൽ മണ്ണുകൾ നീക്കം ചെയ്തു തുടങ്ങി. താഴത്തങ്ങാടി വള്ളംകളി നടക്കുന്നതിനോട് അനുബന്ധിച്ച് മീനച്ചിലാറിൽ ആഴംകൂട്ടൽ നടപടികൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്താണ് പ്രവർത്തനം. ഇതിന്റെ ഭാഗമായി ആറിൽ നിന്നും നീക്കിയ എക്കൽ മണ്ണ് കുമരകം താഴത്തങ്ങാടി റോഡരികിലേയ്ക്കാണ് മാറ്റിയിരുന്നത്. ചെളിനിറഞ്ഞ വെള്ളവും മണ്ണും റോഡിലേയ്ക്ക് പരന്നൊഴുകിയതും മണ്ണ് റോഡരികിലേയ്ക്ക് തള്ളിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെ, ഇറിഗേഷൻ വകുപ്പ് അധികൃതർ മണ്ണ് മാറ്റണമെന്ന് വാർഡ് കൗൺസിലറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, മണ്ണ് നീക്കം ചെയ്യുന്നതിനായി പ്രദേശത്ത് അറിയിപ്പും നൽകിയിരുന്നു. തിരുവാർപ്പ്, കാഞ്ഞിരം, താഴത്തങ്ങാടി തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ കൃഷി ആവശ്യത്തിനായി മണ്ണെടുക്കുകയും ചെയ്തു. നിലവിൽ കുമരകം താഴത്തങ്ങാടി റോഡിലെ മണ്ണ് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.