കോട്ടയം: മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 'കാതോലിക്കാ' സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികമായ 15ന് പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുമായി അനുബന്ധിച്ച് 'സൗഖ്യം' പഞ്ചവത്സര സഹായ പദ്ധതി ഉദ്ഘാടനം ചെയ്യും. രാവിലെ കുർബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 'സൗഖ്യം' സഹായ പദ്ധതിക്ക് കാതോലിക്കാ ബാവാ തുടക്കം കുറിക്കും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആശംസാ പ്രസംഗവും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യപ്രഭാഷണവും നടത്തും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് എബ്രഹാം, അഡ്വ.ബിജു ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും. ഹാർട്ട് സർജറി, ആൻജിയോപ്ലാസ്റ്റി, കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ - ഡയാലിസിസ്, ക്യാൻസർ സംബന്ധമായ സർജറികൾ, കീമോതെറാപ്പി എന്നിവയ്ക്കായി എത്തിച്ചേരുന്ന നിർദ്ധനരായ രോഗികൾക്കാണ് സഹായം നൽകുന്നത്. അഞ്ച് വർഷം കൊണ്ട് അഞ്ച് കോടി രൂപയുടെ സഹായമാണ് നൽകുക.