കോട്ടയം: തിരുനക്കരയിൽ നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാരായ എം.പി.സന്തോഷ്‌കുമാർ, എം.എ ഷാജി, വൈസ് ചെയർമാൻ ബി.ഗോപകുമാർ എന്നിവർ തമ്മിൽ തർക്കം. ഒഴിപ്പിച്ച വ്യാപാരികൾക്കായി നാഗമ്പടം ബസ് സ്റ്റാൻഡ്, തിരുവാതുക്കൽ ഷോപ്പിംഗ് കോംപ്ലക്‌സ്, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിൽ താത്ക്കാലിക സംവിധാനം ഒരുക്കണമെന്ന് ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ എം.പി സന്തോഷ്‌കുമാർ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഒഴിപ്പിച്ച കച്ചവടക്കാരുടെ വിവരം കൗൺസിലിൽ അറിയിച്ചിട്ടില്ലെന്നും സർവകക്ഷിയോഗ തീരുമാനങ്ങൾ അട്ടിമറിച്ചാണ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങളെന്നും പൊലീസ് സ്റ്റേഷൻ മൈതാനം നഗരസഭയുടെ ഉടമസ്ഥതയിലല്ലെന്നും പറഞ്ഞു. തുടർന്നാണ് വാക്കേറ്റം രൂക്ഷമായത്. ഉടമസ്ഥാവകാശം ഇല്ലെങ്കിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.