ശാന്തിനഗര്‍ - മരങ്ങാട്ടുപിള്ളി ഫാം റോഡ് തകർന്നു
മരങ്ങാട്ടുപിള്ളി: ഇത് റോഡണോ മെറ്റൽക്കൂനയണോ...? മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ശാന്തിനഗർ മരങ്ങാട്ടുപിള്ളി ഫാം റോഡിലൂടെ സഞ്ചരിക്കുന്ന ആർക്കും തോന്നാം. എങ്ങും ഉരുളൻകല്ലുകൾ... കാൽനടയാത്ര ദുസഹം. ഇരുചക്ര വാഹനയാത്രികരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 4, 8, 9 വാർഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ശാന്തിനഗർ മരങ്ങാട്ടുപിള്ളി ഫാം റോഡിന് മുക്കാൽ കിലോമീറ്ററോളും നീളമുണ്ട്.
പാലാ കോഴ മെയിൻ റോഡ് ശാന്തിനഗർ സ്റ്റോപ്പിൽ നിന്നും മരങ്ങാട്ടുപിള്ളി ടൗണിലേക്ക് എത്തിച്ചേരുന്ന പഞ്ചായത്ത് വക ഫാം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായത്. നാളുകൾക്ക് മുമ്പ്തന്നെ റോഡിന്റെ ദുഃസ്ഥിതിയെക്കുറിച്ച് ജനങ്ങൾ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രണ്ട് കുടിവെള്ളപദ്ധതികളുടെ കിണറും പമ്പുഹൗസും ഈ റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
വലിയതോട് കടവ് ഭാഗം, കൊച്ചുതോട് ഭാഗം, സെമിത്തേരി ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെറും കല്ലുംകൂട്ടം മാത്രമേയുള്ളൂ ഇപ്പോൾ. പൈക്കാട് ഭാഗത്ത് നിന്നും വടക്കേക്കവലയും മെയിൻ റോഡിലെ തിരക്കും ഒഴിവാക്കി കുറഞ്ഞ ദൂരത്തിൽ പള്ളിക്കവലയിൽ എത്തിച്ചേരാൻ കഴിയുമെന്നതിനാൽ ശാന്തിനഗർ മരങ്ങാട്ടുപിള്ളി റോഡിനെ ഒട്ടേറെ പേർ ആശ്രയിക്കുന്നുണ്ട്.
വലിയതോടും നെൽപാടവും പ്രകൃതി ഭംഗിയും ആസ്വദിച്ച് തണൽപറ്റി കടന്നുപോകാൻ കഴിയുമെന്നതിനാൽ റൂട്ടിൽ സദാസമയവും വാഹനങ്ങളുടെ തിരക്കുമുണ്ട്.
അവർ അവഗണിക്കുകയാണ് !
കുറിച്ചിത്താനം കവലയിൽ കട്ട നിരത്തുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചപ്പോൾ ശാന്തിനഗർ മരങ്ങാട്ടുപിള്ളി റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. ഇങ്ങനെ തുടർച്ചയായി വാഹനങ്ങൾ ഓടിയതോടെ റോഡിന്റെ അവസ്ഥ കൂനിൻമേൽ കുരു എന്ന മട്ടിലായി. മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും പ്രാധാന്യമുള്ളതുമായ റോഡിനെ അധികാരികൾ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. റോഡ് അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയതായി മരങ്ങാട്ടുപിള്ളി പൗരസമിതി പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹൻ അറിയിച്ചു.