വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ 'സൈക്ക്‌ളിങ് ത്രൂ ഗ്രീൻ ലൈഫ്' എന്ന ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവും, ടൂറിസം ഫെസ്​റ്റും നാളെ നടക്കും. വടയാർ, മാനാപ്പള്ളി, വാഴമന, വല്ലകം, നക്കൻതുരുത്ത്, ചാലകം, വൈക്കപ്രയാർ മേഖലകളിലെ ആ​റ്റുതീരവും നാട്ടുവഴികളും ബന്ധിപ്പിച്ചുള്ള 25 കിലോമീ​റ്റർ സൈക്കിൾ പാതയിലൂടെ, പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സൈക്ക്‌ളിങ് വ്യായാമം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിന്റെ ജൈവകൃഷിയുത്പ്പന്നങ്ങളും, മത്സ്യവും, മുട്ടയും മ​റ്റും വാങ്ങുന്നതിനും യാത്രയ്ക്കിടെ സ്റ്റാളുകൾ ഒരുക്കും. പ്രാദേശിക ഗതാഗതത്തിന് സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോളതാപനത്തിനുള്ള ഒരു പരിഹാരം നിർദേശിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരനും, ഫെസ്​റ്റിന്റെ ഭാഗമായ സൈക്കിൾ റാലി ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.കെ.രഞ്ജിത്തും നിർവഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വടയാർ പാലത്തിൽ നിന്ന് തുടങ്ങുന്ന സൈക്കിൾ റാലിയിൽ വൈകീട്ട് 4ന് അണിചേരും. വൈകീട്ട് 6 മുതൽ വാഴമന കൊട്ടാരം ഗ്രൗണ്ടിൽ സാംസ്‌കാരിക സമ്മേളനവും, നാടൻ കലാരൂപങ്ങളും അരങ്ങേറും. സാംസ്‌കാരിക സായാഹ്‌ന പരിപാടി സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും.