കോട്ടയം: സ്‌നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാമത് വാർഷികവും ആദരിക്കലും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മികച്ച സാമൂഹിക പ്രവർത്തകർക്ക് സ്‌നേഹക്കൂട് നല്കുന്ന മൂന്നാമത് അഭയശ്രേഷ്ഠ പുരസ്‌കാരം തിരുവനന്തപുരം സായിഗ്രാമത്തിന്റെ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ കെ.എൻ ആനന്ദകുമാറിന് നൽകി. സ്‌നേഹക്കൂട്ടിൽ ദീർഘകാലം ജീവിച്ച് മരണമടഞ്ഞ 5 അച്ഛനമ്മമാരുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ആദരവുകൾ വിതരണം ചെയ്തു. ആതുരശ്രീ പുരസ്‌കാരം ന്യൂറോ സർജൻ ഡോ.അനീസ് എം മുസ്തഫയ്ക്കും കാരുണ്യശ്രീ പുരസ്‌കാരം സ്‌നേഹസ്പർശം പദ്ധതി സ്ഥാപകനായ ടോണി വല്യേലിനും ബോധിധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറി പി.എം പ്രസന്ന കുമാറിനും നൽകി. സ്‌നേഹക്കൂട് മാദ്ധ്യമശ്രീ പുരസ്‌കാരം കേരളകൗമുദിയ്ക്ക് വേണ്ടി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജും ദൃശ്യമാദ്ധ്യമമായ അമൃത ചാനലിനായി കോട്ടയം ബ്യൂറോ ചീഫ് എം.കെ വിനോദും ഏറ്റുവാങ്ങി. സ്‌നേഹക്കൂട് കലാശ്രീ പുരസ്‌കാരം സിനിമാ സംവിധായികയും, എഴുത്തുകാരിയുമായ പ്രിയ ഷൈൻ, സംരംഭകശ്രീ പുരസ്‌കാരം വൈറെറ്റി അലൂമിനിയം സി.ഇ.ഒ അജിത്ത് കൊല്ലം എന്നിവർക്കും നൽകി. വിവിധ കലാപരിപാടികളും മെഗാ ഷോയും നടന്നു.