
മുണ്ടക്കയം : ഉരുൾപൊട്ടിയെത്തിയ പ്രളയജലം കൂട്ടിക്കൽ ടൗണിനെയൊന്നാകെ വിഴുങ്ങിയപ്പോൾ നാടിന് ഉണ്ടായത് കോടികളുടെ നാശനഷ്ടമായിരുന്നു. ചപ്പാത്തിന് സമീപം പുല്ലകയാറ്റിലെ ചെക്ക്ഡാമിൽ മണ്ണും ചെളിയും അടിഞ്ഞ് കൂടിയതാണ് ഇത്രയധികം വെള്ളം ഉയരാൻ കാരണമെന്നായിരുന്നു പ്രധാന ആരോപണം. തുടർന്ന് മന്ത്രിതല യോഗത്തിൽ ചെക്ക്ഡാം പൊളിച്ച് നീക്കണമെന്ന ആവശ്യമുയർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി വി.എൻ.വാസവൻ പറഞ്ഞത് അടിയന്തരമായി ചെക്ക് ഡാം പൊളിച്ചുമാറ്റും എന്നാണ്. ആഴ്ചകൾക്കുള്ളിൽ ചെക്ക്ഡാം പൊളിച്ച് നീക്കാൻ ഉത്തരവായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എത്തി ചെക്ക്ഡാം ഉദ്ഘാടനവും നടത്തി. പക്ഷേ പൊളിക്കൽ മാത്രം തുടങ്ങിയിട്ടില്ല. ചെക്ക്ഡാമിലെ ജലമൊഴുക്ക് നിലയ്ക്കണം എന്ന വിചിത്ര വാദമുയർത്തിയാണ് കരാറടക്കം നൽകിയിട്ടും പൊളിക്കൽ നടപടികൾ വൈകുന്നത്. കൃത്യമായ ഇടവേളകളിൽ ഷട്ടറുകൾ ഇടുകയും എടുത്തു മാറ്റുകയും ചെയ്തിരുന്നുവെങ്കിൽ ചെക്ക്ഡാമിൽ ഇത്രയേറെ ചെളി അടിഞ്ഞുകൂടുകയില്ലായിരുന്നു.
മണലും കുന്നുകൂടി കിടക്കുന്നു
പുനർജനി പദ്ധതിയുടെ ഭാഗമായി ആറ്റിൽ നിന്ന് വാരിക്കൂട്ടിയ മണൽ ലേലം ചെയ്യാനും നടപടികളായിട്ടില്ല. ടൗൺ കണക്കിന് മണലാണ്, കൂട്ടിക്കൽ കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി കുന്നുകൂടി കിടക്കുന്നത്. റവന്യൂ വകുപ്പിനാണ് മണൽ ലേലം ചെയ്ത് നൽകാനുള്ള ചുമതല. മഴ പെയ്യുമ്പോൾ വാരിക്കൂട്ടിയ മണലൊന്നാകെ ഒലിച്ച് കൈത്തോടുകൾ വഴി വീണ്ടും പുല്ലകയാറ്റിലേക്കും, മണിമലയാറ്റിലേയ്ക്കും തിരികെ എത്തുന്ന സ്ഥിതിയാണ്.
25 ലക്ഷം രൂപ മുടക്കിയായിരുന്നു ആറ്റിൽ നിന്ന് മണൽ വാരിയെടുത്തത്. ഇതിന് പകരം പാസ് നൽകി ആറ്റിൽ നിന്ന് തന്നെ മണൽ വാരാൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകിയിരുന്നുവെങ്കിൽ കോടിക്കണക്കിന് രൂപ സർക്കാരിന് വരുമാനം ലഭിക്കുമായിരുന്നു. ഇപ്പോൾ ചെളിയടക്കം ഇടകലർന്ന് വാരിക്കൂട്ടിയ മണൽ ലേലംകൊള്ളാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്.