കോട്ടയം : കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന കൂട്ടിക്കലടക്കമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിൽ റോഡുകൾക്കായി അനുവദിച്ചത് 52.06 കോടി രൂപ. ഇതിൽ റോഡ്, സംരക്ഷണഭിത്തി, ഡ്രെയിനേജ് പുനരുദ്ധാരണത്തിനായി മാത്രം 433.65 ലക്ഷം രൂപ അനുവദിച്ചു.
ശക്തമായ മഴയിൽ ഇടിഞ്ഞുപോയ മണിമലപഴയിടംചേനപ്പാടിഎരുമേലി റോഡിന്റെ സംരക്ഷണ ഭിത്തി 16.03 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ചു.
എരുമേലി പൊലീസ് സ്റ്റേഷൻകൊടിത്തോട്ടം പ്രൊപ്പോസ് റോഡിന് 24.99 ലക്ഷം അനുവദിച്ചു. കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. ടാറിംഗ് പുരോഗമിക്കുന്നു. പെരുത്തോട് തുമരുംപാറ ഇരുമ്പൂന്നിക്കര റോഡിന് 25 ലക്ഷം. കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് റോഡിലെ ഓരുങ്കൽ കടവ് പാലത്തിനു സമീപത്തെ കേടുപാട് സംഭവിച്ച റോഡ് 18.21 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ചു. മടുക്കകൊമ്പുകുത്തി ടി.ആർ.ആൻഡ് ടിതോട്ടംകവല റോഡിന് 20.36 ലക്ഷം രൂപ അനുവദിച്ചു. മൈക്കോളജി റോഡിന്റെ പുനരുദ്ധാരണത്തിന് 20.36 ലക്ഷം രൂപ അനുവദിച്ചു. കരിനിലം പുഞ്ചവയൽ 504 കോളനികുഴിമാവ് റോഡിലെ സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണി 20 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. കൂട്ടിക്കൽ കാവാലി പ്ലാപ്പള്ളി ഏന്തയാർ റോഡിന്റെ അറ്റകുറ്റപ്പണി 14.59 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം റോഡിന്റെ ഡ്രെയിനേജ് പ്രവൃത്തികൾ 12.04 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
വിഴിക്കത്തോട് ചേനപ്പാടി റോഡിന്റെ ഡ്രെയിനേജ് പ്രവൃത്തികൾ 12.92 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. ഡൊമനിക് തൊമ്മൻ റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 14.46 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. ആനക്കല്ല് വണ്ടൻപാറ നരിവേലി പൊടിമറ്റം റോഡിന്റെ ഡ്രെയിനേജ് പ്രവൃത്തികൾ 14.55 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
അടിഞ്ഞ് മണ്ണ് നീക്കം ചെയ്യാനും തുക
പ്രളയത്തിൽ വിവിധ റോഡുകളിലും കലുങ്കുകളിലും അടിഞ്ഞ മണ്ണ് നീക്കാനും വൃത്തിയാക്കുന്നതിനുമുള്ള 6.49 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു.
മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് വല്യേന്ത കോലാഹലമേട് വാഗമൺ റോഡിനായി 34.73 കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നു. പ്രളയത്തെത്തുടർന്ന് നാശനഷ്ടമുണ്ടായ റോഡിലെ സംരക്ഷണ ഭിത്തി, പ്രതലം, പാരപ്പറ്റ് എന്നിവയുടെ അടിയന്തര പ്രവൃത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കി.
കൂട്ടിക്കൽകാവാലിചോലത്തടം റോഡ് നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ചു. അടിവാരം - കൊടുങ്ങ റോഡിൽ അടിഞ്ഞ കല്ലും മണ്ണും നീക്കി. റോഡിന്റെ സംരംക്ഷണ ഭിത്തി പുനഃനിർമിക്കാൻ 10.55 ലക്ഷം അനുവദിച്ചു. പെരുങ്ങുളം ചട്ടമ്പി കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തി 25 ലക്ഷം രൂപ ചെലവിൽ പുനഃനിർമിച്ചു. പൂഞ്ഞാർ - കൂട്ടിക്കൽ റോഡിന്റെ ഉപരിതല ഡ്രെയിനിന്റെ നിർമാണം പൂർത്തീകരിച്ചു.