story

കോട്ടയം. മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് ആഴം കൂട്ടിയിട്ടും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന താത്ക്കാലിക തടയണയുടെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ തന്നെ.

തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ ഉപ്പുവെള്ളം കയറി കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാൻ താഴത്തങ്ങാടിയിൽ ആറിന് കുറുകെ എല്ലാ വർഷവും ലക്ഷങ്ങൾ ചെലവഴിച്ച് താത്ക്കാലിക തടയണ നിർമിക്കാറുണ്ട്. എന്നാലിത് ബണ്ട് അടയ്ക്കുമ്പോൾ പൊളിച്ചു കളയാറില്ല. ലാഭമോർത്ത് വെള്ളപ്പൊക്കത്തിൽ തകരാൻ കരാറുകാരൻ കാത്തിരിക്കും. തടയണയിലെ ലോഡ് കണക്കിന് മണ്ണും തെങ്ങിൻ കുറ്റികളും മറ്റും വർഷങ്ങളായി വെള്ളത്തിനടിയിൽ കിടക്കുകയാണ് . ചുങ്കം പഴയസെമിനാരി ഭാഗത്ത് വെള്ളംകയറുന്നതിന് പ്രധാന കാരണം തടയണയുടെ ഭാഗങ്ങൾ മാറ്റി ആറിന് ആഴം കൂട്ടാത്തതാണെന്ന് പരിസ്ഥിതി വാദികളും നാട്ടുകാരും പല തവണ പരാതിപെട്ടിട്ടും കരാറുകാരനോ ജലസേചന വിഭാഗം ഉന്നത ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നില്ല.

29ന് നടക്കുന്ന താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ഭാഗമായി തോമസ് ചാഴികാടൻ എം.പി മുൻകൈയെടുത്താണ് സ്റ്റാർട്ടിംഗ് പോയിന്റായ അറുപുഴ മുതൽ ഫിനിഷിംഗ് പോയിന്റായ കുളപ്പുര വരെയുള്ള ഭാഗത്ത് ആഴം കൂട്ടുന്നുണ്ട്. ചുണ്ടൻ വള്ളങ്ങൾക്ക് കടന്നു പോകാൻ പത്ത് അടി വരെ ആഴം വേണം എന്നതിനാലാണിത്. പ്രളയത്തിൽ ഒഴുകിയെത്തി താഴത്തങ്ങാടി പാലത്തിൽ തട്ടി നിൽക്കുന്ന മരങ്ങളും ആറ്റിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും ഇതോടൊപ്പം മുറിച്ചു മാറ്റുന്നുണ്ട്.

ചുങ്കം മുതൽ താഴത്തങ്ങാടി അറുപുഴ വരെയുള്ള ഭാഗത്ത് ആഴം കൂട്ടിയാലേ പഴയസെമിനാരി റോഡിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തിന് പരിഹാരമാകൂ. തടയണയുടെ ഭാഗങ്ങളും നീക്കണം. എന്നാൽ വള്ളംകളി മുന്നിൽ കണ്ട് കുറച്ചു ഭാഗം മാത്രമുള്ള തട്ടിക്കൂട്ട് ആഴം കൂട്ടലാണ് നടക്കുന്നത്. ചുങ്കം മുതൽ ആഴംകൂട്ടാൻ ഫണ്ടില്ലെന്നാണ് ജലസേചന വിഭാഗം അധികൃതർ പറയുന്നത്.

കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ഡോ.ശ്രീകുമാർ പറയുന്നു

ഇപ്പോൾ നടക്കുന്നത് വഴിപാട് പണിയാണ്. പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കത്തിന് പ്രധാനകാരണം താഴത്തങ്ങാടി ഭാഗത്തെ തടയണയുടെ ഭാഗങ്ങളും ലോഡ് കണക്കിന് മണ്ണും നീക്കം ചെയ്യാത്തതാണ് .

##

തോമസ് ചാഴികാടൻ എം.പി പറയുന്നു.

താഴത്തങ്ങാടി ആറ്റിലെ തടയണഭാഗങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല എന്ന് ഇപ്പോഴാണ് അറിഞ്ഞത്. അടിയന്തിരമായി നീക്കം ചെയ്യാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.