രാമപുരം : ജോലി വാഗ്ദാനം ചെയ്ത് പണം കൈവശപ്പെടുത്തിയ ശേഷം ഒമാനിൽ വീട്ടുതടങ്കലിലാക്കിയ യുവതിയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മന്ത്രിയ്ക്ക് നിവേദനം നൽകി. പാലാ ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി (34) ആണ് വീട്ടുതടങ്കലിൽ കഴിയുന്നത്. രഞ്ജിനിയുടെ അമ്മ രാമപുരം മരങ്ങാട് നെല്ലിയാനിക്കുന്നേൽ ബീനയാണ് മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നൽകിയത്. ഒമാനിൽ റസ്റ്റോറന്റ് നടത്തുന്ന കണ്ണൂരുകാരനായ ജാഫറും സംഘവുമാണ് ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം നൽകി വിസിറ്റിംഗ് വിസയിൽ രഞ്ജിനിയെ ഒമാനിൽ എത്തിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഒമാനിൽ എത്തിയ രഞ്ജിനിക്ക് ടീച്ചർ ജോലി നൽകാതെ വീട്ടുവേലയ്ക്ക് നിറുത്തുകയായിരുന്നു. തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട രഞ്ജിനിയെ ഭീഷണിപ്പെടുത്തുകയും 40,000 രൂപയും ആവശ്യപ്പെട്ടു. തുക നൽകിയെങ്കിലും രഞ്ജിനിയെ നാട്ടിൽ എത്തിക്കാതെ ഏജന്റ് മുങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് പാല ഡിവൈ.എസ്.പിയ്ക്കും പരാതി നൽകിയിട്ടുണ്ട്.