കോട്ടയം : അപ്രോച്ച് റോഡ് താഴ്ന്നതോടെ പാറേച്ചാൽ ബൈപ്പാസ് മേൽപ്പാലത്തിന്റെ പ്രവേശന ഭാഗം വാഹനയാത്രക്കാർക്ക് അപകടക്കെണിയായി. ഇരുവശങ്ങളിലെയും മേൽപ്പാലം റോഡിന്റെ കട്ടിംഗ് ഭാഗമാണ് ഇരുന്നു പോയത്. ഇതോടെ മേൽപ്പാലത്തിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. കുത്തനെയുള്ള ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ ഇളകി കുഴിയും രൂപപ്പെട്ടു. കാറുകൾ, സ്‌കൂട്ടറുകൾ, ഭാരവാഹനങ്ങൾ ഉൾപ്പെടെ കുത്തനെയുള്ള ഭാഗത്തിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തടസം നേരിടുകയാണ്. 2016 ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പാറേച്ചാൽ പാലം ഉദ്ഘാടനം ചെയ്തത്.
കുമരകത്ത് നിന്ന് എം.സി റോഡിലേക്കും നഗരത്തിലെ തിരക്ക് ഒഴിവാക്കി ഇല്ലിക്കൽ, തിരുവാതുക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്കും പോകുന്നതിനായി നിരവധി പേരാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.
പിന്നെയും പഴയപടി
സമീപകാലത്ത് കോൺക്രീറ്റ് ചെയ്‌തെങ്കിലും കട്ടിംഗ് പഴയപടിയായി. പാലത്തിൽ വലിയ രീതിയിൽ വിടവും രൂപപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇതുവഴിയെത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. കൂടാതെ വാഹനങ്ങളുടെ അടിവശം കട്ടിംഗിൽ തട്ടുന്നുണ്ട്. വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. കോട്ടയം ഭാഗത്ത് നിന്നും ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുൻപ് കട്ടിംഗ് ഇളകി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ ഈ ഭാഗം ടാർ ചെയ്ത് അടച്ച് സഞ്ചാരയോഗ്യമാക്കി. എന്നാൽ, താഴ്ന്ന് പോയ അപ്രോച്ച് റോഡ് ഭാഗം ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചില്ല.
വേഗതയിലാണേൽ പണി പാളും
പാലത്തിന് സമീപം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നതിനും ഇടയാക്കുന്നു. അമിതവേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.