കോട്ടയം : വേളൂർ 15ൽ കടവ് നിവാസികൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഏകആശ്രയമായ പുത്തനാറിൻ തീരത്ത് കൂടെയുള്ള റോഡ് തകർന്ന് തരിപ്പണമായി. നഗരസഭയുടെ 45-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി. പുത്തനാറിലൂടെയാണ് ആലപ്പുഴ - കോട്ടയം ഭാഗത്തേയ്ക്കുള്ള ബോട്ട് സർവീസ്. ആറിന് സംരക്ഷണ ഭിത്തികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും പലയിടത്തും കൽക്കെട്ടുകൾ ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. കൂടാതെ വീതി കുറഞ്ഞ റോഡിനോട് ചേർന്നുള്ള ആറിൻ തീരത്ത് അപകട സൂചകങ്ങൾ, സംരക്ഷണ വേലികൾ തുടങ്ങിയവ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ നിയന്ത്രണം വിട്ട് ആറിലേക്ക് വീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. മാസങ്ങൾക്ക് മുൻപ് തിരുവല്ല ഭാഗത്ത് നിന്ന് വഴിതെറ്റിയെത്തിയ കാർ ആറിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. ആറിന് കുറുകെ നിരവധി വീടുകളും പാടശേഖരങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മറുവശത്തേയ്ക്ക് കടക്കുന്നതിന് പൊക്ക് പാലം മാത്രമാണ് ആശ്രയം. വാഹനങ്ങൾ എത്തിപ്പെടാത്തതിനാൽ, പാടശേഖരത്തിലേക്കും വീടുകളിലേക്കുമുള്ള സാധന സാമഗ്രികൾ റോഡിൽ ഇറക്കിശേഷം, വള്ളത്തിലൂടെയാണ് എത്തിക്കുന്നത്. ടോറസ്, ടിപ്പർ പോലെയുള്ള ഭാരവാഹനങ്ങൾ അപകടാവസ്ഥയിലായ റോഡിലൂടെ പോകുന്നത് റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു.