പാലാ : സെൻട്രൽ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ജില്ലയിലെ ഏറ്റവും നല്ല മാർക്കറ്റിംഗ് സംഘത്തിനുള്ള കേരള സർക്കാർ സഹകരണ വകുപ്പിന്റെ ഈ വർഷത്തെ പുരസ്‌ക്കാരം ലഭിച്ച സാഹചര്യത്തിൽ, വീടുകളിൽ അനിവാര്യമായ മെഡിക്കൽ ഉപകരണങ്ങൾ നറുക്കെടുപ്പിലൂടെ സൗജന്യമായി നൽകുന്ന പദ്ധതി ആരംഭിച്ചു. പാലാ, രാമപുരം, മുത്തോലി എന്നിവിടങ്ങളിലെ സെൻമാർക്ക് നീതി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ അവിടെയുള്ള പെട്ടിയിൽ നിക്ഷേപിക്കുകയും, മാസാവസാനം നറുക്കെടുപ്പ് നടത്തി ഓരോ സ്ഥലത്തും സമ്മാനം നൽകുകയും ചെയ്യുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റി വി.ജി.വിജയകുമാർ, വൈസ് പ്രസിഡന്റ് പി.ജെ.വർഗ്ഗീസ്, ട്രഷറർ സി.ആർ.പ്രദീപ്കുമാർ, സെക്രട്ടറി ബിന്ദു സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. പാലാ, രാമുപുരം, മുത്തോലി മേഖലകളിൽ ഒക്ടോബർ മാസത്തിൽ നറുക്കു ലഭിച്ചവർക്ക് നെബുലൈസറുകൾ സൗജന്യമായി വിതരണം ചെയ്തു.
നേരത്തെ പാലായിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, രാമപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, മുത്തോലിയിൽ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം എന്നിവർ മുഖ്യാതിഥികളായി നറുക്കെടുപ്പു നടത്തിയിരുന്നു.