കുമരകം : അയ്മനം റൂട്ടിലെ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് വിവേചനം കാട്ടുന്നതായി പരാതി. സ്‌കൂൾ സമയങ്ങളിൽ വിദ്യർത്ഥികളെ കയറ്റാതെ ബസുകൾ അമിതവേഗത്തിൽ പായുകയാണ്. കൊമ്പനാൽ, പാണ്ഡവം, തിരുവാറ്റ, വാരിശ്ശേരി എന്നിവിടങ്ങളിലാണ് ബസുകൾ വിദ്യാർത്ഥികളെ കണ്ടാൽ സ്റ്റോപ്പിൽ നിറുത്താതെ പോകുന്നത്. ചിലപ്പോൾ സ്റ്റോപ്പിന് മുൻപിലോ പിൻപിലോ നിറുത്തി കുട്ടികൾ ഓടിവരുന്നത് കാണുമ്പോൾ മുന്നോട്ടെടുക്കും. ഇതുമൂലം വിദ്യാർത്ഥികൾക്ക് ക്ലാസ് നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു. സാധാരണക്കാരുടെ കുട്ടികൾ പലരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കുടയംപടി പരിപ്പ് റോഡ് നിർമ്മാണം നടക്കുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. അതിനിടെയാണ് സ്വകാര്യ ബസുകളുടെ ഈ തോന്ന്യാസം. വിദ്യാർത്ഥികളുടെ ദുരനുഭവത്തിനെതിരെ മേട്ടോർവാഹന വകുപ്പിന് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.