കടുത്തുരുത്തി : കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് മുളക്കുളം പഞ്ചായത്തിലെ പള്ളിക്കുന്ന് പാഴ്‌നിലം കല്ലുമട റോഡിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന കുമ്മത പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും.
കടുത്തുരുത്തി, പിറവം അസംബ്ലി മണ്ഡലങ്ങളുടെ അതിർത്തിയായ കുമ്മത തോടിന് കുറുകെയുള്ള ചെറിയ തടിപ്പാലമായിരുന്നു നിലവിലെ ആശ്രയം. മഴക്കാലത്ത് അപകടസ്ഥിതി മൂലം പ്രദേശത്തെ കുടുംബാംഗങ്ങൾ ആശങ്കയിൽ ആയിരുന്നു. ഇറിഗേഷൻ വകുപ്പ് മുഖാന്തിരം പുതിയ പാലം നിർമ്മിക്കാൻ സർക്കാർ ഫണ്ടിന് വേണ്ടി വർഷങ്ങളായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് എം.എൽ.എ മുൻകൈയെടുത്ത് പുതിയ പ്രോജക്ടിന് രൂപം കൊടുക്കുകയായിരുന്നു. മുളക്കുളം പഞ്ചായത്തിന്റെയും പിറവം മുൻസിപ്പാലിറ്റിയുടെയും അതിർത്തിയിലുള്ള കുമ്മത തോട്ടിൽ പുതിയതായി പാലം നിർമ്മിക്കുന്നതിന് ആവശ്യമായ മുഴുവൻ തുകയും എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. ഇക്കാര്യത്തിൽ 80 ലക്ഷം രൂപയാണ് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. കുമ്മതയിൽ ചേരുന്ന ഇന്ന് നടക്കുന്ന യോഗത്തിൽ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻ നായർ അദ്ധ്യക്ഷത വഹിക്കും.