കുമരകം : പരസ്യബോർഡുകളുടെ കാഴ്ച മറയ്ക്കുന്നെന്ന് ആരോപിച്ച് റോഡരികിലെ മരങ്ങൾ സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചു. കുമരകം കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിനും ഒന്നാം കലുങ്കിനും ഇടയ്ക്കായി നിന്ന മരങ്ങളാണ് നശിപ്പിച്ചത്. വളർച്ചയെത്തിയ തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും കുലച്ച വാഴകളും ഇതിലുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത്, കുമരകം നേച്ചർ ക്ലബ്, കുമരകം കോക്കനട്ട് ഫെഡറേഷൻ, സമീപവാസികൾ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ നട്ടുപിടിപ്പിച്ചതാണിവ. 2016 ൽ കുമരകം നേച്ചർ ക്ലബ് ഇതേ സ്ഥലത്ത് നട്ട തെങ്ങിൻ തെകൾ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചിരുന്നു. മൂന്നുമൂല മുതൽ ആറ്റാമംഗലം പള്ളി വരെയുള്ള ഭാഗത്തെ പുരയിടങ്ങളിൽ ധാരാളം പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് രണ്ടാം കലുങ്കിന് കിഴക്ക് ഭാഗത്തെ മാവും മറ്റ് വലിയ മരങ്ങളും പരസ്യ ബോർഡ് കരാറുകാർ വെട്ടി നശിപ്പിച്ചിരുന്നു. മരങ്ങൾ വെട്ടിമാറ്റിയവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരികണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി മധു കൃഷ്ണവിലാസം ആവശ്യപ്പെട്ടു.