
കോട്ടയം. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആൽകോ സ്‌കാൻ വാൻ ജില്ലയിലെത്തി. തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വാനിലെ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിയ്ക്ക് മെഷീൻ പ്രവർത്തനരീതി വിശദീകരിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 22 വരെ ജില്ലയിൽ പ്രവർത്തിക്കും. മദ്യം ഉപയോഗിച്ചവരെ തിരിച്ചറിയാൻ ബ്രത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിലുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചോ എന്ന് തിരിച്ചറിയുക. ഇത്തരക്കാരെ പിടികൂടി വാനിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടക്കുന്നത് ഇതിലൂടെ ഒഴിവാക്കാം.
പൂർണമായും ശീതീകരിച്ചതാണ് വാഹനം. ബെഡ്, വാഷ് ബേസിൻ, കുടിവെള്ളം, ഫസ്റ്റ് എയ്ഡ്, ട്രോമ കിറ്റ് എന്നിവ വാഹനത്തിലുണ്ട്. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകില്ല. ഏത് സ്റ്റേഷൻ പരിധിയിലാണോ വാഹനമുള്ളത് അവിടത്തെ പട്രോളിംഗ് ടീമും ഒപ്പമുണ്ടാകും. ലഹരിമരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയ സംവിധാനം.