കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ അതിഥി തൊഴിലാളികൾക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. അതിഥി തൊഴിലാളികൾ ജ്വാല തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ, ലേബർ ക്യാമ്പ് ഓണേഴ്‌സ് പ്രസിഡന്റ് പി.ടി.ഇസ്മായിൽ,അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ശ്രീദേവ് കെ. ദാസ്, പ്രമോദ് കുമാർ, വിനീത്, പ്രശാന്ത്, ജൂനിയർ സൂപ്രണ്ട് അനിൽകുമാർ, ചിയാക് ജില്ലാ പ്രോജക്ട് മാനേജർ ലിബിൻ കെ. കുര്യാക്കോസ്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരായ ബിജു മോൻ ലുക്കോസ്, നവനീത്, കിസ്മത് പ്രതിനിധി ജോൺ എന്നിവർ പങ്കെടുത്തു.
നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ ഗസ്റ്റ് അപ്പ് രജിസ്‌ട്രേഷൻ നൽകി. ചങ്ങനാശേരി എസ്.ബി. കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ആരോഗ്യ, എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ക്ലാസെടുത്തു.