കോട്ടയം: കയറിയാൽ വീഴും... അതും ഉറപ്പാണ്. ഇത് യാത്രക്കാർക്ക് പ്രദേശവാസികളുടെ മുന്നറിയിപ്പാണ്. ചുങ്കം മുപ്പത് പന്തിരുപാറ റോഡും കലുങ്കും തകർന്നതോടെ അപകടം ഉറ്റുനോക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കലുങ്കാണ് ഒടിഞ്ഞു കിടക്കുന്നത്. വേളൂർ 15ൽ കടവ് ആറ്റുതീരം റോഡിൽ നിന്നും പന്തിരുപാറ ഭാഗത്തേയ്ക്കുള്ള റോഡാണിത്. റോഡ് മണ്ണിട്ട് നിർമ്മിച്ചതല്ലാതെ നാളിതുവരെ ടാറിംഗ് നടത്തിയിട്ടില്ല. നഗരസഭയുടെ 45-ാം വാർഡിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റ് ചെയ്തും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. പുത്തനാറിലേക്ക് എത്തിച്ചേരുന്ന കൈതോടിന് സമീപത്തു കൂടെയാണ് റോഡ് കടന്നുപോകുന്നത്. തോടിന് കുറുകെ നിർമ്മിച്ച കലുങ്ക് റോഡിന്റെ പ്രവേശന ഭാഗം ഒടിഞ്ഞ നിലയിലാണ്. തോടിന്റെ ഒരു വശത്തെ കൽക്കെട്ടും തകർന്നിട്ടുണ്ട്. തോടിനും കലുങ്ക് റോഡിനും സംരക്ഷണഭിത്തിയില്ലാത്തതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. 12 ഓളം വീടുകളാണ് കലുങ്കിന് മറുവശത്തായി സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ദിവസേന ഇതുവഴി സഞ്ചരിച്ചാണ് ആറ്റുതീറം റോഡിലേക്ക് എത്തേണ്ടത്. കൂടാതെ, കല്ലുപുരയ്ക്കലിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്.
മുമ്പും അപകടം
ഏഴ് മാസം മുൻപ് കലുങ്കിലൂടെ കടന്നുപോയ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടിരുന്നു. റോഡിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഉപകരിക്കാറില്ല. ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കലുങ്ക് പുനർനിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.