കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കിലായതോടെ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും. നിറവയറുമായി പടികൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ് ഗർഭിണികളായ സ്ത്രീകൾ. നാല് നിലകളിലായാണ് ഗൈനക്കോളജി കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ലിഫ്റ്റുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വാർഡിലേയ്ക്കും മറ്റ് ഒ.ടി തിയേറ്ററിലേയ്ക്കും പോകേണ്ടവർ പടികൾ കയറിയിറങ്ങണം. ജീവനക്കാർക്കായുള്ള ലിഫ്റ്റ് പ്രവർത്തനസജ്ജമാണെങ്കിലും ഇതുവഴി രോഗികളെയും കൂട്ടിരിപ്പുകാരെയും കടത്തിവിടില്ല.
ഗ്രൗണ്ട് ഫ്ലോർ ഒ.പി മറ്റ് സംവിധാനങ്ങൾ, കിടപ്പുരോഗികൾ, മൈനർ, മേജർ ഒ.ടി തുടങ്ങിയവ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. രണ്ടാം നില മുതൽ ലേബർ റൂം, ഡെലിവറി, ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നവർ, അഡ്മിറ്റായ രോഗികൾ, കുട്ടികൾക്കുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം മുകളിലുള്ള നിലകളിലാണ്. ഓരോ നിലകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകേണ്ട രോഗികൾ പടികൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഗ്രൗണ്ട് ഫ്ലോറിൽ സെക്യൂരിറ്റി, ലിഫ്റ്റ് ഓപ്പറേറ്ററുമുണ്ട്. ലിഫ്റ്റ് തകരാറുകൾ യഥാസമയം പരിഹരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാരോട് ലിഫ്റ്റ് തകരാറിനെക്കുറിച്ച് തിരക്കിയാലും ഒഴിഞ്ഞുമാറുകയാണ് പതിവെന്നും പരാതിയുണ്ട്.