വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ പൈലിംഗ് ജോലികൾ അവസാനഘട്ടത്തിലേക്ക്.

76 കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമ്മാണത്തിനായി അനുവദിച്ചത്. ഇതിൽ 41.42 കോടി രൂപ കെട്ടിട നിർമ്മാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മ​റ്റുമാണ് വിനിയോഗിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ കൺസ്ട്രക്ഷൻസാണ് കരാർ ഏ​റ്റെടുത്ത് കെട്ടിടം നിർമ്മിക്കുന്നത്. കേരള സ്​റ്റേ​റ്റ് ഹൗസിംഗ് ബോർഡാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. 70 മീ​റ്റർ നീളത്തിലും 35 മീ​റ്റർ വീതിയിലും നിർമ്മിക്കുന്ന നാലുനിലയിലുള്ള കെട്ടിട സമുച്ചയത്തിന്റ വിസ്തൃതി 11,000 ചതുരശ്രമീ​റ്ററാണ്. 54 മീ​റ്റർ ആഴത്തിലാണ് പൈൽ സ്ഥാപിക്കുന്നത്. ആകെ 223 പൈലുകളാണ് ഉള്ളത്. ഇതിൽ ഇനി 20 എണ്ണമാണ് ശേഷിക്കുന്നത്. വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്.അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലുക്ക് ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.