മുണ്ടക്കയം: സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളോട് പങ്കുചേർന്ന് മുണ്ടക്കയത്തും ലഹരിവിരുദ്ധ ക്യാമ്പയിൻ നടന്നു. ഏഴോളം സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നാല് സ്കൂളുകളിലായാണ് ക്യാമ്പ് നടന്നത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നിന്നും പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂൾ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ, സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടന്നത്. സിറോ മലബാർ യുവജന സംഘടനയുടെ മുണ്ടക്കയം ഫൊറോനാ യൂണിട്ടിന്റെ തെരുവ് നാടകവും നടന്നു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സിങ് സ്കൂൾ വിദ്യാർത്ഥിനികൾ തീം ഡാൻസ് അവതരിപ്പിച്ചു. പെരുവന്താനം, മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിവിധ സ്കൂളുകളിൽ ക്ലാസ് നയിച്ചു.

മുണ്ടക്കയം പ്രസ് ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ്, വൈസ് മെൻസ് ക്ലബ് മുണ്ടക്കയം യൂണിറ്റ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. എസ്.എം.വൈ.എം മുണ്ടക്കയം ഫെറോന ഡയറക്ടർ ഫാ: ഷാൻ ആയല്ലൂർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാദർ വർഗീസ് തെള്ളിമാക്കൽ, ഹോസ്പിറ്റൽ പി.ആർ.ഒ അരുൺ ആണ്ടൂർ, ഫെറോന പ്രസിഡന്റ് സാവിയോ എബ്രഹാം മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.