gireesh

പാലാ. മൂന്ന് മാസം മുമ്പ് പാലായിൽ ചുമതലയേറ്റ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ കസേരയും തെറിച്ചു. നാലുവർഷമായി പാലായിൽ ഡിവൈ.എസ്.പി.മാർ വാഴുന്നേയില്ല. ചുമതലയേറ്റ് അഞ്ചാറുമാസം കഴിയുമ്പോൾ സ്ഥലംമാറ്റുകയാണ്. ഗിരീഷ് പി. സാരഥിക്ക് മുമ്പുണ്ടായിരുന്ന എ.എസ്.പി. നിധിൻരാജ് 59 ദിവസമാണ് പാലാ സബ്ഡിവിഷന്റെ ചുമതല വഹിച്ചത്. ഇദ്ദേഹത്തിന് മുമ്പ് ഉണ്ടായിരുന്ന ഡിവൈ.എസ്.പി ഷാജുജോസ് എട്ടുമാസം തികയാൻ നാല് ദിവസം ഉള്ളപ്പോൾ സ്ഥലംമാറ്റപ്പെട്ടു കോട്ടയം ക്രൈംബ്രാഞ്ചിൽ നിന്ന് ഗിരീഷ് പി.സാരഥി ജൂലായ് 8 നാണ് ചുമതലയേറ്റത്. മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിനും സ്ഥലംമാറ്റമായി.

2018ന്‌ശേഷം പാലായിൽ ഒരു വർഷം തികച്ച് ഡിവൈ.എസ്.പിമാരാരും കസേരയിൽ ഉറച്ചിരുന്നിട്ടില്ല. 2016ൽ ചുമതലയേറ്റ വി.ജി.വിനോദ്കുമാർ (ഇപ്പോഴത്തെ കിഴക്കൻമേഖല വിജിലൻസ് എസ്.പി) ആണ് രണ്ട് വർഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി. നാല് വർഷത്തിനിടെ 13 ഡിവൈ.എസ്.പിമാരാണ് പാലായുടെ ചുമതലയേറ്റത്. ഗിരീഷ് പി.സാരഥി ആലപ്പുഴ വിജിലൻസിലേക്കാണ്‌ പോകുന്നത്. പകരം വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസാണ് പാലായിലെത്തുക. തുടർച്ചയായുള്ള സ്ഥലംമാറ്റം പാലാ സബ്ഡിവിഷന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ആക്ഷേപം.