പാലാ: പൊതുപ്രവർത്തനത്തിന്റെയും പാർട്ടി പ്രവർത്തനത്തിന്റെയും മികവിൽ കെ.ജെ.ഫിലിപ്പ് കുഴികുളത്തെ കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. കേരള കോൺഗ്രസിൽ (എം) അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഫിലിപ്പ് കുഴികുളം എല്ലാക്കാലത്തും പാർട്ടി ലീഡർ കെ.എം മാണിയുടെ ഗുഡ്ബുക്കിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ജോസ് കെ. മാണിയുമായും ഇതേ അടുപ്പം കാത്തുസൂക്ഷിക്കുന്നു.

വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിൽ കടന്നുവന്ന് ജനപ്രതിനിധിയായി കരൂർ പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കുഴികുളം ഇപ്പോൾ കേരള ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായി സേവനം തുടരുന്നു. കേരളാ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റ് മുതൽ നിയോജകമണ്ഡലം പ്രസിഡന്റ് വരെയുള്ള ചുമതലകൾ വഹിച്ചിട്ടുണ്ട്. 35 വർഷമായി കേരളത്തിലെ നമ്പർ വൺ ബാങ്കുകളിലൊന്നായ വലവൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്.

പാർട്ടി സംഘടനാ സംവിധാനം പാലാ നിയോജകമണ്ഡലത്തിലാകെ ചലിപ്പിക്കാൻ മുന്നിട്ടുനിന്ന ഫിലിപ്പ് കുഴികുളം സഹകരണ മേഖലയ്ക്കും നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി.യുടെ പ്രത്യേക താത്പര്യപ്രകാരമാണ് പാർട്ടിയുടെ ഹൈപവർ കമ്മറ്റിയിലേക്ക് ഫിലിപ്പ് കുഴികുളത്തെ തിരഞ്ഞെടുത്തത്.