പാലാ: കെഴുവംകുളം ഗുരുദേവ സുബ്രഹ്മണ്യ ദേവീക്ഷേത്ര സന്നിധി അക്ഷരങ്ങളുടെയും അറിവിന്റെയും ശ്രീകോവിലായി വളരുമെന്ന് ദേവപ്രശ്‌നവിധി. ക്ഷേത്രസന്നിധിയിൽ ജ്യോതിഷി ഇടവട്ടം ഗോപിനാഥൻ നടത്തിയ പ്രശ്‌നചിന്തയിലാണിത് തെളിഞ്ഞത്.
പുരാതനകാലം മുതൽ കുരുന്നുകൾക്ക് അറിവ് പകർന്ന് കൊടുത്ത കളരി പ്രവർത്തിച്ച സ്ഥലമാണിത്. അക്ഷരങ്ങളുടെ ആ പവിത്രത ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. മാത്രമല്ല ശ്രീനാരായണ ഗുരുദേവൻ കെഴുവംകുളത്തെത്തിയപ്പോൾ അന്നുണ്ടായിരുന്ന സംസ്‌കൃത പാഠശാല വികസിപ്പിക്കണമെന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടു കൂടിയ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി ഇതു മാറട്ടേ എന്ന അനുഗ്രഹവാക്കുകൾ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതി കൊടുത്ത കാര്യവും പ്രശ്‌നചിന്തകൻ വിശദീകരിച്ചു. ദീർഘവീക്ഷണമുണ്ടായിരുന്ന മഹാഗുരുവിന്റെ വാക്കുകൾ അന്വർത്ഥമാക്കുംവിധം ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉയർന്നാൽ അത് വളരെ പ്രശസ്തമാകുമെന്നും ദൈവജ്ഞൻ വിശദീകരിച്ചു.
ഉത്സവനാളിലെ ചില ആചാരങ്ങൾ ശക്തിപ്പെടുത്തണം. ക്ഷേത്രത്തിന്റെ മൂലകേന്ദ്രം അന്യാധീനപ്പെട്ടുപോയി. ഇത് തിരികെ വാങ്ങി ഇവിടെ ഒരു വിളക്ക് കൊളുത്താനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കണമെന്ന് പ്രശ്‌നചിന്തയിൽ തെളിഞ്ഞു. ഏഴ് വർഷത്തിനുള്ളിൽ മൂല കേന്ദ്രത്തിലെ സ്ഥലത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കാൻ കഴിയും. ദേവീക്ഷേത്രത്തോട് ചേർന്നുള്ള പുരയിടം കെട്ടി സംരക്ഷിക്കണമെന്നും പ്രശ്‌നചിന്തയിൽ വ്യക്തമായി.
നിലവിലുള്ള സർപ്പങ്ങൾക്കായി പ്രത്യേകം തറ നിർമ്മിക്കണം. ഉത്സവങ്ങൾക്കും കലശപൂജകൾക്കും യാതൊരു മാറ്റവും വരുത്താൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു.
കെഴുവംകുളം 106ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളായ പി.എൻ രാജു പര്യാത്ത്, കെ.ഐ കരുണാകരൻ, മനീഷ് മോഹൻ, ക്ഷേത്രം തന്ത്രി വള്ളിപ്പടവിൽ മോഹനൻ തന്ത്രി, മേൽശാന്തി മഹേശ്വരൻ പമ്പാവാലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേവപ്രശ്‌നവിധികൾ.