കോട്ടയം: തുരുമ്പെടുത്ത് തുരുമ്പെടുത്ത് നശിക്കാറായി. ചുങ്കം മുപ്പതിൽ പൊക്ക്പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. നഗരസഭയുടെ 45-ാം വാർഡ് വേളൂരിൽ പുത്തൻആറിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് മറുവശത്തായി 70 ഓളം വീടുകളും 5 പാടശേഖരങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഇങ്ങോട്ടേയ്ക്ക് എത്താനുള്ള പ്രധാന ആശ്രയമാണ് പാലം. ഗ്രാമൺചിറ, 16ൽ ചിറ, പാറേച്ചാൽ, കാഞ്ഞിരം എന്നിവിടങ്ങളിലും പൊക്ക് പാലങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. 12 വർഷം മുൻപ് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. കോട്ടയം ആലപ്പുഴ റൂട്ട് ബോട്ട് സർവീസ് നടത്തുന്ന പുത്തൻആറിലൂടെയാണ്. പാലത്തിന്റെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ കേടായതിനെ തുടർന്ന് ബോട്ട് യാത്ര ഏഴ് മാസം മുൻപ് മുടങ്ങിയിരുന്നു. പാലം നിർമ്മിച്ച കാലത്തുള്ള യന്ത്രസാമഗ്രികളാണ് ഇപ്പോഴുമുള്ളത്. ഏഴ് കപ്പികളിൽ മൂന്നെണ്ണം ആണ് പ്രവർത്തിക്കുന്നത്. ബുഷ്, ചെയിൻ എന്നിവയും പ്രവർത്തനരഹിതമാണ്. ബ്രേക്ക് സംവിധാനമില്ല. മോട്ടോറിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള ഓയിൽ, ഗ്രീസ്, കോംപൗണ്ട് തുടങ്ങിയവ അധികൃതർ നൽകുന്നില്ല. സമീപവാസികളുടെ സഹായത്തോടെയാണ് ഇവ ഉപയോഗിക്കുന്നത്. പാലം ഉയർത്തുമ്പോൾ ബെയറിംഗ്, റോപ്പ്, റോളുകൾ, റോളുകളുടെ പല്ലുകൾ എന്നിവയ്ക്ക് തേയ്മാനം സംഭവിച്ച് ഇരുമ്പ് ദണ്ഡുകൾ അടർന്നു വീഴുന്ന അവസ്ഥയുമുണ്ട്. റോപ്പ് ഉൾപ്പെടെ തകർന്ന്, അപകടത്തിനും സാധ്യതയേറെയാണെന്ന് പ്രദേശവാസികൾ പറയുന്നു. നടപ്പാതയിലെ തകിടും തുരുമ്പെടുത്ത് കുഴി രൂപപ്പെട്ടു. ഈ ഭാഗത്ത് യാത്രക്കാരുടെ കാൽ കുരുങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഉയർത്താൻ പെടാപാട്

മുൻപ് സുഗമമായി വേഗത്തിൽ ഉയർത്തിയിരുന്ന പാലം ഇപ്പോൾ ഉയർത്താൻ അഞ്ച് മിനിറ്റിലേറെ സമയം വേണ്ടിവരുന്നു. വൈദ്യതി നിലച്ചാൽ പാലം ഉയർത്താൻ സാധിക്കില്ല. ജനറേറ്ററുമില്ല. ഇതിന് പകരമായുള്ള സംവിധാനം ഉപയോഗിച്ച് പാലം ഉയർത്താൻ ആൾബലവും വേണ്ടിവരുന്നു. കയർ ഉപയോഗിച്ച് പാലം ഉയർത്താനുള്ള സംവിധാനമാക്കണമെന്ന് ഓപ്പറേറ്റർ ശാന്തപ്പൻ പറയുന്നു.