lahari

കോട്ടയം: കഞ്ചാവ് വിൽപ്പനയിൽ നിന്നുള്ള ലാഭം കുറഞ്ഞപ്പോൾ ചെറുപ്പക്കാർ മാരക രാസലഹരിയായ എം.ഡി.എം.എയുടെ വിൽപ്പനയേറ്റെടുക്കുന്ന ഭീതിതമായ സാഹചര്യമാണ് ജില്ലയിൽ. എം.ഡി.എം.എയുമായി ഈ വർഷം പൊലീസും എക്സൈസും അറസ്റ്റ് ചെയ്തവരിൽ ഏറെയും 25 വയസിൽ താഴെയുള്ളവരാണ്.

വലിയ അളവ് കഞ്ചാവ് വാഹനങ്ങളിൽ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് മൂലമാണ് വൻലാഭമുള്ള എം.ഡി.എം.എ പോലുള്ളവയിലേയ്ക്ക് യുവാക്കൾ അടുത്തത്. കൂടുതൽ റിസ്ക് എടുക്കുമ്പോൾ പോക്കറ്റ് കൂടുതൽ നിറയും. ലഹരിക്ക് അടിമപ്പെട്ടവരടക്കം ലഹരികടത്തിലേയ്ക്ക് ഇറങ്ങിയെന്ന അപകടരമായ മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ലഹരി മരുന്ന് കേസിൽ പെട്ടാൽ ജീവിതം തീരും. കൊമേഷ്യൽ ക്വാണ്ടിറ്റിയിൽ ലഹരിയുമായി അറസ്റ്രിലായാൽ ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല 20 വർഷമാണ് തടവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എം.ഡി.എം.എയുമായി പിടിയിലായവരുടെ എണ്ണം കൂടിയപ്പോൾ ഹാഷിഷ് ഓയിലുമായി പിടിയിലായവരുടെ എണ്ണം കുറഞ്ഞു. മുൻപ് കഞ്ചാവ് ഉപയോഗിച്ചിരുന്നവും വിറ്റവരുമൊക്കെ കൂട്ടത്തോടെ എം.ഡി.എം.എയുടെ പിന്നാലെയാണെന്നാണ് എക്സൈസിന്റെയും പൊലീസിന്റെയും രഹസ്യാന്വേഷണ റിപ്പോർട്ട്.

നല്ല കാലം ജയിലിൽ.
25 വയസുള്ളയാൾ കൊമേഷ്യൽ ക്വാണ്ടിറ്റിയിൽ പിടിയിലായാൽ പുറത്തിറങ്ങുമ്പോഴേയ്ക്കും നാൽപ്പഞ്ച് വയസ് കഴിയും. കഞ്ചാവ് 20 കിലോയാണ് കൊമേഷ്യൽ ക്വാണ്ടിറ്റിയായി കണക്കാക്കുന്നത്. നൂറു ഗ്രാമിന് താഴയെങ്കിൽ ജാമ്യം ലഭിക്കും

രാസ ലഹരിയിൽ അര ഗ്രാമാണ് സ്‌മോൾ ക്യാണ്ടിറ്റി. കൊമേഴ്‌സ്യൽ ക്യാണ്ടിറ്റി 10 ഗ്രാമും.

ആഗസ്റ്റ് 30 വരെ

അറസ്റ്റിലായത്

131 പേർ

രക്ഷപ്പെടാനും ഒരവസരം.

ചെറുപ്പക്കാർ ലഹരി വിമുക്തി നേടാൻ തയ്യാറാണെങ്കിൽ ബോണ്ട് വച്ച് അവരെ നല്ല നടപ്പിന് വിടാനുള്ള വ്യവസ്ഥയുണ്ട്. 25 വയസ്സിൽ താഴെ പ്രായമുള്ളവരെ നല്ലവഴിക്ക് തിരികെ കൊണ്ടുവരാനാണ് ഇത്. ആറു മാസം മുതൽ ഒരു വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തിൽ പെടുന്ന ചെറുപ്പക്കാർക്ക് ഒരു അവസരം കൂടി നൽകും. ലഹരി ചികിത്സക്ക് വിധേയനാകണം. എക്‌സൈസ് ഉദ്യോഗസ്ഥർ മുൻകൈയെടുക്കും. പൂർണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപ്പോർട്ട് കിട്ടിയാൽ പ്രോസിക്യൂഷൻ നടപടികൾ അവാസാനിപ്പിക്കും. ചികിത്സ പൂർത്തിയാകാതെ കേസിൽ പ്രതിയാകുന്ന ചെറുപ്പക്കാർ ആശുപത്രി വിട്ടു പോവുകയോ, ലഹരി വിമുക്തനായശേഷം കേസിൽപ്പെടുകയോ ചെയ്തതാൽ നിയമനടപടി തുടരും.

14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

കോട്ടയം. ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിക്കൊണ്ടു വന്ന 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വിജയപുരം വടവാതൂർ ഇ.എസ്.ഐ ഭാഗത്ത് മനക്കുന്നത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മലരിക്കൽ സ്വദേശി അക്ഷയ് സി. വിജയ് (25) ആണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ ബസിൽ വന്നിറങ്ങിയ ഇയാളെ കോട്ടയം ബേക്കർ സ്‌കൂളിന് സമീപത്തു നിന്നാണ് പിടികൂടിയത്. ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ഒരു വർഷമായി ലഹരി കടത്തുന്ന അക്ഷയ് വിൽക്കാനായി കൊണ്ടുവന്നതാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഡിവൈ.എസ്.പി.അനീഷ് കെ.ജി, വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് ടി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.