illitarate

കോട്ടയം. അക്ഷരനഗരിയുൾപ്പെടുന്ന കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിലായി 1623 നിരക്ഷരരുണ്ടെന്ന് കണക്കുകൾ. ദേശീയ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ‘ന്യൂ ഇന്ത്യ ലിറ്ററസി’ പദ്ധതിയുടെ ഭാഗമായി നടത്തിയ ഡിജിറ്റൽ സർവേയിലാണ് ഈ കണ്ടെത്തൽ. 11 ബ്ലോക്കുകളിലായി 11 പഞ്ചായത്തുകളെയാണ് ജില്ലാ സാക്ഷരതാ മിഷൻ തിരഞ്ഞെടുത്ത് സർവേ നടത്തിയത്. തൃക്കൊടിത്താനം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടനാട്, കുറവിലങ്ങാട്, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, പാമ്പാടി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള നിരക്ഷരരെയാണ് സർവേയിലൂടെ കണ്ടെത്തിയത്.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോ​ഗ്രാമി​ന്റെ ഭാ​ഗമായി ഓരോ ജില്ലയിലും സാക്ഷരരാക്കേണ്ടവരുടെ എണ്ണമുണ്ട്. കോട്ടയം ജില്ലയിൽ ഇത് 1500 ആണ്. എന്നാൽ സർവേയിൽ 1623 പേർ രജി​സ്റ്റർ ചെയ്തു. ഒക്ടോബർ 8 മുതൽ 12 വരെയാണ് സർവേ നടന്നത്. സർവേ ടീം അം​ഗങ്ങൾ മൂന്നു ടീമായി തിരിഞ്ഞ് മുൻകൂട്ടി നിശ്ചയിച്ച വീടുകൾ സന്ദർശിച്ച് നിരക്ഷരരുടെ പേര് വിവരങ്ങൾ സർവേ ഫോമിൽ രേഖപ്പെടുത്തുകയായിരുന്നു. പേരെഴുതി ഒപ്പിടാൻ അറിയാത്തവരെയാണ് നിരക്ഷരരെന്ന ​ഗണത്തിൽ പെടുത്തുന്നത്.

ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജെന്റർ, തീരദേശ മേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കേണ്ടിവന്ന മുഴുവൻ പേർക്കും പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കും. 15 വയസിന് മുകളിലുള്ളവരാണ് ഗുണഭോക്താക്കൾ. നിരക്ഷരരിൽ ഏറിയ പങ്കും വൃദ്ധരാണ്. സാക്ഷരതാമിഷൻ തയ്യാറാക്കിയ സാക്ഷരപാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പഠനസഹായി ഉപയോ​ഗിച്ചാണ് പഠനം. ജീവിതനൈപുണ്യപരിശീലനവും ലഭ്യമാക്കും.

ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. വി.വി മാത്യു പറയുന്നു

സ്വന്തം പേരെഴുതി ഒപ്പിടാൻ അറിയാത്തവരെ കണ്ടെത്തി അക്ഷരം പഠിപ്പിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തലത്തിൽ നിരക്ഷരരുടെ എണ്ണം പരാമവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടൊണ് 11 പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് സർവേ നടത്തിയത്.