ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി ജംഗ്ഷൻ നവീകരിക്കും
രാമപുരം: താമരക്കാട് ഇനി പഴയ താമരക്കാടല്ല. രാമപുരം കൂത്താട്ടുകുളം റോഡിലെ താമരക്കാട് ജംഗ്ഷൻ നാലരക്കോടി രൂപ മുടക്കിയാണ് നവീകരിക്കുന്നത്. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്നത്. ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുൻപ് നവീകരണ ജോലികൾ പൂർത്തിയാകും. പാലാ രാമപുരം കൂത്താട്ടുകുളം റൂട്ടിലാണ് താമരക്കാട് ജംഗ്ഷൻ. വടക്കൻ ജില്ലകൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകർ കുത്താട്ടുകുളത്ത് എത്തി ഈ റോഡിലൂടെയാണ് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലേക്കും തുടർന്ന് എരുമേലി ഭാഗത്തേക്കും പോകുന്നത്. കർക്കടക മാസത്തിൽ രാമപുരം നാലമ്പല ദർശനത്തിന് എത്തുന്ന നൂറുകണക്കിനു ഭക്തരുടെ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. മഴക്കാലത്തു കനത്ത വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണിത്. ഓടകളില്ല, റോഡിന്റെ വീതിക്കുറവാണ് മറ്റൊരു പ്രൾനം. യാത്രക്കാർക്കു വിശ്രമിക്കാൻ സൗകര്യങ്ങളുമില്ല. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിച്ചാണ് നവീകരണ ജോലികൾ നടപ്പാക്കുന്നത്.
നവീകരണം ഇങ്ങനെ
500 മീറ്റർ ദൂരത്തിൽ റോഡ് പുറമ്പോക്ക് ഏറ്റെടുത്തു റോഡിന്റെ വീതി വർദ്ധിപ്പിക്കും.
വശങ്ങൾ കോൺക്രീറ്റ് ചെയ്തും ടൈലുകൾ സ്ഥാപിച്ചും സൗന്ദര്യവത്ക്കരണം.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കും.
പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയോര വിശ്രമകേന്ദ്രം നിർമ്മിക്കും.
സോളർ, എൽഇഡി വിളക്കുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
ഫോട്ടോ അടിക്കുറിപ്പ്
താമരക്കാട് ജംഗ്ഷനിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ