കൊഴുവനാൽ: പഞ്ചായത്തിലെ പന്ന്യാമറ്റം കോളനിയിലേക്കുള്ള റോഡ് നവീകരണം സംബന്ധിച്ച വിഷയം ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യും. റോഡ് നിർമ്മാണം സ്വകാര്യഭൂമിയിലാണെന്ന് ആരോപിച്ച് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതെന്ന വാദവുമായി ജില്ലാ പഞ്ചായത്ത് മെമ്പറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത സ്ഥലത്താണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതെന്ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് പറയുന്നു. ഇതുസംബന്ധിച്ച് ആർക്കും പഞ്ചായത്ത് ഓഫീസിലെ രേഖകൾ പരിശോധിക്കാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വകമാറ്റി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൽക്കെട്ട് നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു പഞ്ചായത്ത് മെമ്പർക്ക് സ്വന്തം വാർഡിൽ ചെലവഴിക്കാൻ ഒരു വർഷം പരാമാവധി 11 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാൽ തന്റെ വാർഡിൽ ഇതിനോടകം 13 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം എട്ടാം വാർഡിൽ 20 ലക്ഷത്തോളം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ‌ഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ആരോപണങ്ങളെ പുച്ഛിച്ച് തള്ളുകയാണെന്നും റോഡ് വിഷയത്തിൽ യോഗം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അറിയിച്ചു.