
വൈക്കം: വൈക്കത്തപ്പനും ശബരീശനും നൽകിയ വരപ്രസാദമാണ് മാളികപ്പുറം മേൽശാന്തി സ്ഥാനലബ്ധിയെന്ന് ഇണ്ടംതുരുത്തിമന വി.ഹരിഹരൻ നമ്പൂതിരി പറഞ്ഞു.നിലവിൽ ടി.വി പുരം തിരുമണി വെങ്കിടപുരം ശ്രീരാമക്ഷേത്രത്തിൽ മേൽശാന്തിയാണ്.2014 ൽ ഇവിടെ മേൽശാന്തിയായി സേവനം ചെയ്യുമ്പോഴാണ് ശബരിമല മേൽശാന്തിയുടെ ലിസ്റ്റിൽ ആദ്യമായി ഉൾപ്പെട്ടതും പിന്നീട് തുടർച്ചയായി ഏഴു വർഷം മാളികപ്പുറം ലിസ്റ്റിലും ഇടംനേടിയതും.ഇക്കുറി ആദ്യമായി രണ്ടു ലിസ്റ്റിലും ഉൾപ്പെട്ടു.വൈക്കം ഇണ്ടംതുരുത്തി മനയിൽ പരേതനായ വാസുദേവൻ നമ്പൂതിരിയുടെയും മോനാട്ട് മനയിൽ പരേതയായ പാർവതി അന്തർജനത്തിന്റെയും 6 മക്കളിൽ ഇളയ മകനാണ് 50 കാരനായ ഹരിഹരൻ നമ്പൂതിരി.മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ ഊരാണ്മ അവകാശി കൂടിയാണ് ഇദ്ദേഹം.കേരള ബാങ്ക് ഉദ്യോഗസ്ഥയും ഇരിങ്ങാലക്കുട മരുതൂർമന കുടുംബാംഗവുമായ സംഗീതയാണ് ഭാര്യ.വിദ്യാർത്ഥികളായ വേദ ഹരി,വിവേക് ഹരി എന്നിവരാണ് മക്കൾ.പതിനാലാം വയസിൽ ശാന്തിയായ ഇദ്ദേഹം കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രം,തൃപ്പക്കുടം മഹാദേവ ക്ഷേത്രം,ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രം,മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം,ടി.വി.പു രം സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിട്ടുണ്ട്.