rubber

കോട്ടയം. തുലാമഴ എത്തും മുമ്പേ റബർ വില വീണ്ടും ഇടിഞ്ഞു. ആർ.എസ്.എസ് നാലാം ഗ്രേഡ് കിലോയ്ക്ക് 148ലേക്കും അഞ്ച് 144ലേക്കുമാണ് നിലം പൊത്തിയത്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ടാപ്പിംഗിനെ സാരമായി ബാധിച്ച് ഉത്പാദനത്തിൽ കുറവുണ്ടാക്കുമെന്നതിനാൽ വിലയും ഇല്ല ആവശ്യത്തിന് ഷീറ്റും ഇല്ലാതെ ചെറുകിട കർഷകർ ദുരിതത്തിലായി.

കിലോയ്ക്ക് 155 രൂപയിൽ നിന്നാണ് 144ലേക്കുള്ള ഷീറ്റിന്റെ വീഴ്ച. ലാറ്റക്സ് 90 രൂപയിൽ നിന്ന് 87ലേക്കും. ഒട്ടുപാൽ 82ലേക്കും താഴ്ന്നു. വില ഇടിഞ്ഞതോടെ ഇടനിലക്കാരും വ്യാപാരികളും വിപണിയിൽ നിന്നു വിട്ടു നിന്നു. അന്താരാഷ്ട്ര വിപണിക്കൊപ്പം ഇന്ത്യൻ വിപണിയിൽ അഞ്ചു രൂപ വരെ ഒരു കിലോ റബറിന് കുറഞ്ഞു. പതിവ് പോലെ ടയർ കമ്പനികളുടെ കളികളാണ് ആഭ്യന്തര വില ഇടിച്ചത് . വില ഇനിയും കുറയുമെന്ന കണക്കു കൂട്ടലിൽ ടയർലോബി റബർ വാങ്ങുന്നില്ല. ഈ സ്ഥിതി തുടർന്നാൽ വില ഇനിയും കുറയാനാണ് സാദ്ധ്യത.

റബർ കർഷകൻ ജോസഫ് കുഞ്ഞ് പറയുന്നു

റബർകൃഷി കൊണ്ട് ഇനി ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല . തിരഞ്ഞെടുപ്പ് അടുത്തെങ്ങുമില്ലാത്തതാകാം സംസ്ഥാന സർക്കാരും രാഷ്ട്രീയക്കാരും കാഴ്ചക്കാരായി നിൽക്കുകയാണ്.