
കോട്ടയം. സർക്കാർ ക്ഷീരകർഷകരുടെ പാലിന് സർക്കാർ നൽകിയിരുന്ന ഇൻസെന്റീവ് മുടങ്ങി. ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന എല്ലാ കർഷകർക്കും ഒരു ലിറ്റർ പാലിന് നാല് രൂപ വീതം എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ നൽകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ 245 ക്ഷീരസംഘം മുഖേന 10029 കർഷകരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലായിൽ 8000ത്തിന് മുകളിൽ കർഷകർക്ക് ഒരു കോടി 18 ലക്ഷം രൂപ ഇൻസെന്റീവായി നൽകിയിരുന്നു. ഡയറി ഡിപ്പാർട്ട്‌മെന്റ് ഫണ്ടായാണ് ഇതു നൽകിയത്. പിന്നീട് കർഷകന്റെ അക്കൗണ്ടിലേക്ക് ഒരു പൈസ പോലും എത്തിയിട്ടില്ല.
മന്ത്രി നിയമസഭാ സമ്മേളനത്തിൽ ജൂലായ് മുതൽ അടുത്ത മാർച്ച് വരെ മുഴുവൻ ക്ഷീരകർഷകർക്കും ഇൻസെന്റീവ് നൽകുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനായി 28.57 കോടി രൂപ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞിരുന്നു. തുക ലഭിക്കാൻ ക്ഷീരശ്രീ എന്ന പോർട്ടലിൽ കർഷകൻ പേര് രജിസ്റ്റർ ചെയ്യണം. അതത് ദിവസങ്ങളിൽ സംഘങ്ങളിൽ അളക്കുന്ന പാലിന് അനുസരിച്ച് ഓരോ കർഷകന്റെയും അക്കൗണ്ടിൽ ഇൻസന്റീവ് എത്തും. അക്കൗണ്ടിലേക്ക് തുക എത്താതായതോടെ പദ്ധതി അവസാനിപ്പിച്ചോ എന്നാണ് കർഷകരുടെ ആശങ്ക. കാലിത്തീറ്റ വിലയിലും വർദ്ധനവുണ്ടായതിനെ തുടർന്ന് പാൽ വിലയും വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പരിഹാരമായാണ് ഇൻസെന്റീവ് നടപ്പാക്കിയത്. എന്നാൽ, പാലിന് വിലവർദ്ധിക്കാത്ത സാഹചര്യത്തിലും, കാലിത്തീറ്റയ്ക്ക് അടക്കം വില വർദ്ധന നേരിടുന്ന സാഹചര്യത്തിലും ഇൻസെന്റീവ് ഇനത്തിൽ കിട്ടിയിരുന്ന തുക ആശ്വാസമായിരുന്നെന്ന് ക്ഷീരകർഷകർ പറയുന്നു.
ജൂലായിൽ നൽകിയത്
8000 കർഷകർക്ക്
1.18 കോടി രൂപ.
തുക ലഭിക്കാൻ ക്ഷീരശ്രീ പോർട്ടലിൽ കർഷകൻ രജിസ്റ്റർ ചെയ്യണം.
അളക്കുന്ന പാലിന് അനുസരിച്ച് അക്കൗണ്ടിൽ ഇൻസന്റീവ് എത്തും.
പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 245 ക്ഷീരസംഘം മുഖേന 10029 പേർ.
പ്രഖ്യാപനം ജൂലായ് മുതൽ മാർച്ച് വരെ മുഴുവൻ നൽകുമെന്ന്.
ജില്ലാ ഡയറി ഡവലപ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു.
എൽ.എസ്.ജി.ഡി മൂന്ന് രൂപയും ഡിപ്പാർട്ട്‌മെന്റ് തുക ഒരു രൂപയും കണക്കാക്കിയാണ് നാല് രൂപ ഇൻസെന്റീവ് നൽകിയിരുന്നത്. ഡയറി ഡിപ്പാർട്ട്‌മെന്റ് ഫണ്ട് കിട്ടാത്തതാണ് വിതരണം വൈകുന്നതിന് കാരണം.