കോട്ടയം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി. മേള ശാസ്‌ത്രോത്സവം 2022-23 പൊൻകുന്നം ഗവ. വി.എച്ച്.എസ്.എസിൽ ആരംഭിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി.
രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന ശാസ്ത്രമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നുള്ള 106 സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഒന്നാം ദിനം വർക്ക് എക്‌സ്പീരിയൻസ്, സാമൂഹിക ശാസ്ത്രം എന്നിവയുടെയും രണ്ടാം ദിവസം ഗണിതം, ശാസ്ത്രം, ഐ.ടി എന്നിവയുടെയും എക്‌സിബിഷനാണ് സംഘടിപ്പിക്കുന്നത്. എൽ.പി, യു.പി , ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.