പൊൻകുന്നം: കയറ്റവും ഇറക്കവും അപകട വളവുകളും... ഇതിനെല്ലാം പുറമേ റോഡരികിൽ ഡ്രൈവർമാരുടെ കാഴ്ചമറച്ച് കാട് കൂടി വളർന്നാലോ എന്താകും അവസ്ഥ. അപകടങ്ങൾക്ക് വഴിമരുന്നാകുമെന്ന് പറയാം. കൊല്ലം തേനി ദേശീയപാതയിൽ ഇതാണ് ഇപ്പോഴത്തെ സ്ഥിതി.

പാമ്പാടി കഴിഞ്ഞാൽ ജില്ലാ അതിർത്തിയായ മുണ്ടക്കയം വരെ ദേശീയപാതയോരത്ത് അനിയന്ത്രിതമയി കാട് വളരുന്നതിന് കാരണം അധികാരികളുടെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. പലസ്ഥലങ്ങലിലും റോഡരികിൽ അനധികൃതമായി പരസ്യബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാതയോരത്തെ കാട് തെളിക്കുന്ന ജോലികളൊന്നും നടക്കുന്നില്ല. വളർന്നു നിൽക്കുന്ന കാട്ടിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. ഇതുമൂലം പലയിടത്തും ദുർഗന്ധവും രൂക്ഷമാണ്. ഇഴന്തുക്കളുടെയും തെരുവ് നായ്ക്കളുടേയും ശല്യം കാരണം കാൽനടയാത്രക്കാരും ഭീതിയിലാണ്.

വൈകരുത്. നടപടി വേണം

ഏറ്റവും കൂടുതൽ ശബരിമല തീർത്ഥാടകരെത്തുന്ന പാതകളിലൊന്നാണ് കൊല്ലം തേനി ദേശീയപാത. ഇടത്താവളങ്ങളായ പല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത് ദേശീയപാതയോരത്താണ്. പലയിടത്തും അയ്യപ്പന്മാർ വിരിവെച്ച് വിശ്രമിക്കുന്നതും പതിവാണ്. തീർത്ഥാടകരെത്തുന്നതിന് മുമ്പായി കാട്‌തെളിച്ച് പാതയോരം വൃത്തിയാക്കി ആവശ്യമുള്ള അടയാളബോർഡുകളും ദിശാസൂചക ബോർഡുകളും സ്ഥാപിക്കമമെന്ന ആവശ്യവും ഇതിനകം ഉയർന്നിട്ടുണ്ട്.