mg

കോട്ടയം. അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിലുള്ള സർവകലാശാലകളുടെ ആഗോള റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് തിളക്കമാർന്ന നേട്ടം. ടൈംസ് ഹയർ എജ്യുക്കേഷന്റെ 2023ലേക്കുള്ള റാങ്കിംഗിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ് സർവകലാശാല ഇടം നേടിയത്. കഴിഞ്ഞ വർഷത്തെ 601 മുതൽ 800 വരെയുള്ള റാങ്ക് വിഭാഗത്തിൽനിന്നാണ് ശ്രദ്ധേയമായ മുന്നേറ്റം.
104 രാജ്യങ്ങളിലെ 1799 സർവകലാശാലകളെയാണ് റാങ്കിംഗിന് പരിഗണിച്ചത്. അദ്ധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, അന്തർദേശീയ കാഴ്ച്ചപ്പാട് എന്നിവ വിലയിരുത്തുന്ന 13 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്ക് നിർണയം. തുടർച്ചയായ ഏഴാം വർഷവും ഓക്‌സഫോർഡ് സർവകലാശാല ഒന്നാമത് എത്തിയ പട്ടികയിൽ ഇന്ത്യയിലെ 75 സർവകലാശാലകളാണുള്ളത്.
ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസാണ് (ഐ.ഐ.എസ്.സി) രാജ്യത്തുനിന്നും ഏറ്റവും മികച്ച റാങ്ക് വിഭാഗത്തിൽ (251- 300) ഉൾപ്പെട്ടത്. 351-400 റാങ്ക് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൈസൂറിലെ ജെ.എസ്.എസ് അക്കാഡമി ഒഫ് ഹയർ എജ്യുക്കേഷൻ ആന്റ് റിസർച്ച്, ഹിമാചൽ പ്രദേശിലെ ശുലീനി യൂണിവേഴ്‌സിറ്റി എന്നിവ മാത്രമാണ് രാജ്യത്ത് എം.ജി. സർവകലാശാലയ്ക്കു മുന്നിലുള്ളത്.
401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് എം.ജി. സർവകലാശാലയ്‌ക്കൊപ്പം അളഗപ്പ സർവകലാശാലയും ഉൾപ്പെട്ടിട്ടുണ്ട്. 1000 വരെയുള്ള റാങ്ക് വിഭാഗത്തിൽ കേരളത്തിൽനിന്നും പട്ടികയിൽ ഇടം പിടിച്ച ഏക സർവകലാശാലയും എം.ജിയാണ്.

റാംഗിംഗിൽ പരിഗണിക്കപ്പെട്ടത്:

104 രാജ്യങ്ങളിലെ

1799 സർവകലാശാലകൾ

എം.ജിയുടെ നേട്ടങ്ങൾ.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ സ്ഥാനം.

മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്‌സ് അവാർഡ് മൂന്നു തവണ കരസ്ഥമാക്കി.

ടൈംസ് ഹയർ എജ്യുക്കേഷന്റെ എമേർജിംഗ് എക്കണോമിക്‌സ് റാങ്കിംഗിൽ 101ാം സ്ഥാനം.

ഏഷ്യൻ റാങ്കിംഗിൽ 139 ാം സ്ഥാനവും യംഗ് യൂണിവേഴ്‌സിറ്റീസ് റാങ്കിംഗിൽ 146ാം റാങ്കും.

അടൽ ഇന്നൊവേഷൻ റാങ്കിംഗിൽ നോൺ ടെക്‌നിക്കൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം.

വൈസ് ചാൻസലർ പ്രാെഫ.സാബു തോമസ് പറയുന്നു.

ആഗോള റാങ്കിംഗിൽ ആദ്യ അഞ്ഞൂറിലും ദേശീയ തലത്തിൽ ആദ്യ പത്തിലും ഇടം നേടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനങ്ങൾ വിജയം നേടിയത് അഭിമാനകരമാണ്.