മണിമല: നാട്ടുകാരുടെ പരാതി അവഗണിച്ച് പാറമടയ്ക്ക് അനുവാദം നൽകാൻ മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പ്രതിപക്ഷമായ കോൺഗ്രസും രാഷ്ട്രീയം മറന്ന് ഒന്നിച്ചപ്പോൾ വിയോജനക്കുറുപ്പുമായി സി.പി.ഐയും കേരള കോൺഗ്രസ് എമ്മും. മണിമല പഞ്ചായത്തിലാണ് ഭരണ-പ്രതിപക്ഷ നിരയിലെ മുഖ്യകക്ഷികൾ പാറമടയ്ക്കായി ഒന്നിച്ചത്.
രണ്ടാം വാർഡിൽ പൂവത്തോലി ഭാഗത്തുള്ള പാറമടയ്ക്കെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് കമ്മിറ്റിയിൽ വയ്ക്കാതെ ലൈസൻസ് പുതുക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് ഭരിക്കുന്ന ഇടതു മുന്നണിയിൽ സി.പി.എം അംഗങ്ങളുടെ തീരുമാനത്തിന് സി.പി.ഐയും കേരളാകോൺഗ്രസും വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ പ്രതിപക്ഷമായ കോൺഗ്രസിന്റെ പിന്തുണയിലാണ് ഭൂരിപക്ഷം നേടിയത്. സി.പി.ഐ, കേരളാ കോൺഗ്രസ് അംഗങ്ങൾ തീരുമാനത്തിന് രേഖാമൂലമുള്ള വിയോജനക്കുറുപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
നാട്ടുകാരുടെ പരാതി
പൂവത്തോലിയിലെ പാറമടക്കെതിരെ തദ്ദേശവാസികളുടെ പരാതി നിലനിൽക്കുന്നുണ്ട്. പാറമടയ്ക്ക് മുകൾ ഭാഗത്താണ് മണിമല കുടിവെള്ളപദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നത്. പാറമടയിലേക്ക് വലിയ വാഹനങ്ങൾ വരുന്നത് മൂലം പാറമടയ്ക്ക് സമീപത്തു കൂടി പോകുന്ന പഞ്ചായത്ത് റോഡും തകർന്ന നിലയിലാണ്. കഴിഞ്ഞമാസം ടാറിംഗ് പൂർത്തിയാക്കിയ മണിമല പഴയിടം തീരദേശറോഡിന്റെ പലഭാഗങ്ങളും പൊളിയുകയും റോഡിന്റെ വശങ്ങൾ താഴ്ന്നു പോകുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്ന ഉത്തരവാദിത്വം മാനിക്കാതെ പാറമടക്ക് ലൈസൻസ് നൽകിയതിനെതിരെ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.