ആറ്റിലേക്കുള്ള പടിക്കെട്ടുകൾ തകർന്നു, അപകടസാധ്യത
എരുമേലി: ഇവിടെ അപകടസാധ്യത ഏറെയാണ്... സീസൺ കാലയളവിൽ ഓരുങ്കൽ കടവിൽ കുളിക്കാനെത്തുന്ന തീർത്ഥാടകരിൽ ഒരാൾക്ക് പോലും ഈ അപകടക്കെണി അറിയില്ല. ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ തീർത്ഥാടകർക്കായി സജ്ജീകരണമൊന്നും ഇവിടെ ഏർപ്പെടുത്തിയിട്ടുമില്ല. എരുമേലിയിൽനിന്ന് രണ്ട് കിലോ മീറ്ററിൽ താഴെ മാത്രമാണ് ഓരുങ്കൽ കടവിലേക്കുള്ള ദൂരം. അതിനാൽ തന്നെ നിരവധി തീർത്ഥാടകർ കുളിക്കാനും മറ്റുമായി സീസൺ കാലയളവിൽ ഇവിടെയെത്തുന്നത് പതിവാണ്. 2018ലെ പ്രളയം ഓരുങ്കൽകടവിൽ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.
നിലവിൽ ആറ്റിലേക്കുള്ള കുളിക്കടവിന്റെ ഒരു ഭാഗത്തെ പടിക്കെട്ടുകൾ തകർന്ന നിലയിലാണ്. മറുഭാഗത്ത് കടവിലേക്കിറങ്ങാൻ വഴിയില്ല. കോസ്‌വെ കടന്ന് ആറിനക്കരെ ഒരു ഭാഗത്ത് മാത്രം ആറ്റിലേക്കിറങ്ങാൻ പടിക്കെട്ടുകളുണ്ട്. തീരത്ത് ഇരുമ്പ് തൂണുകളിൽ സ്ഥാപിച്ച ആറ് വഴിവിളക്കുകളും പൂർണമായി നശിച്ചനിലയിലാണ്. വഴിയിടം പദ്ധതിയിൽ പഞ്ചായത്ത് നിർമിച്ച ശൗചാലയസമുച്ചയവും പാടേ തകർന്നു. 20 ശൗചാലയങ്ങളാണ് ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ തിട്ടയിടഞ്ഞതോടെ ശൗചാലയസമുച്ചയം ആറിന്റെ തീരത്തായി മാറി. അറ്റകുറ്റപ്പണികൾ നടത്തി ശൗചാലയം ഉപയോഗയോഗ്യമാക്കിയാലും ജലസ്രോതസിൽനിന്ന് ഏഴര മീറ്റർ മാറി പുതിയ സേഫ്റ്റി ടാങ്ക് നിർമ്മിക്കേണ്ടിവരും.
തിരക്കേറും, അപകടസാധ്യതയും
പതിവിലും വ്യത്യസ്ഥമായി ഇത്തവണ കടവിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. പടിക്കെട്ടുകൾ ഉൾപ്പെടെ തകർന്നതിനാൽ കുളിക്കാനിറങ്ങുന്നവർ കാൽതെറ്റി മണിമലയാറ്റിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. മുമ്പും ഇവിടെ നിരവധി തവണ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് കടവിൽ ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.