
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഗവേഷകനും അദ്ധ്യാപകനുമായ ചങ്ങനാശേരി കരിക്കമ്പള്ളി ഡോ.സ്‌കറിയ സക്കറിയയുടെ (75) സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ വലിയപള്ളിയിൽ നടക്കും.
സംസ്‌കാര പഠനം എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തിൽ തുടക്കമിടുകയും ജർമനിയിലെ ടൂബിംഗൻ സർവകലാശാലയിൽ നിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.ചങ്ങനാശേരി എസ്.ബി.കോളേജിലും കാലടി സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പദ്ധ്യക്ഷനായിരുന്നു.ഓക്‌സ്‌ഫോഡ്,കേംബ്രിജ് തുടങ്ങി ഒട്ടേറെ വിദേശ സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.മലയാള വഴികൾ,ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകൾ,മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചു.മലയാള ഭാഷാ പഠനം,സംസ്‌കാര പഠനങ്ങൾ,ഭാഷാചരിത്രം,ജൂതപഠനം,സ്ത്രീപഠനങ്ങൾ,വിവർത്തന പഠനങ്ങൾ,ഫോക്ക്‌ലോർ തുടങ്ങി ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകി.മലയാളം സർവകലാശാലയിൽ നിന്ന് ഡി.ലിറ്റ്,കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം എന്നിവ ലഭിച്ചു.അടുത്തിടെ എം.ജി സർവകലാശാലയും ഡി.ലിറ്റ് നൽകി.രോഗബാധിതനായതിനാൽ വൈസ് ചാൻസലർ വീട്ടിലെത്തിയാണ് ഡി.ലിറ്റ് സമ്മാനിച്ചത്.
എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളിൽ 1947-ലാണ് ജനനം.ചങ്ങനാശേരി എസ്.ബി. കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും കേരള സർവകലാശാല ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ നിന്ന് പി.എച്ച്.ഡിയും നേടി.സചിവോത്തമ സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്.എം.ജി സർവകലാശാല സ്കൂൾ ഒഫ് ലെറ്റേഴ്സിലും കേരള കലാമണ്ഡലത്തിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു.മുസിരിസ് പൈതൃക പദ്ധതി മുതിർന്ന ഉപദേഷ്ടാവായും പ്രവർത്തിച്ചു.
ഭാര്യ: മേരിക്കുട്ടി സ്‌കറിയ,മക്കൾ: ഡോ.അരുൾ ജോർജ് സ്‌കറിയ (നാഷണൽ ലോ യൂണിവേഴ്‌സിറ്റി,ബംഗളൂരു) ഡോ.സുമ സ്‌കറിയ (കേന്ദ്ര സർവകലാശാല,ഗുൽബെർഗ). മരുമക്കൾ: ഡോ.നിത മോഹൻ (ബംഗളൂരു), ഡോ.വി.ജെ. വർഗീസ് (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി).