
കോട്ടയം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡുകൾ അനധികൃതമായി കൈക്കലാക്കിയവരെ കുടുക്കാൻ ആരംഭിച്ച ഓപ്പറേഷൻ യെല്ലോ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ നാലു സർക്കാർ ഉദ്യോഗസ്ഥരടക്കം 280 കാർഡുടമകൾക്കെതിരെ നടപടി. ഇവരിൽ നിന്നായി 2.80 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. അനധികൃതമായി കൈവശം വച്ച കാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. പിടിക്കപ്പെട്ടിട്ട് പിഴ അടയ്ക്കാനുള്ളവരുമുണ്ട്.
അനധികൃതമായി കൈവശം വച്ച മുൻഗണനാ കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനും അർഹരായവരെ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനും കഴിഞ്ഞ18 മുതലാണ് പരിശോധന നടത്തിയത്. റേഷൻ വാങ്ങാതെ, സൗജന്യ ചികിത്സയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി മുൻഗണനാ കാർഡ് കൈവശം വച്ചവരെയും പരിശോധനയിൽ കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. അനധികൃതമായി റേഷൻ കാർഡിന്റെ ഗുണഭോക്താക്കളായി കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ഇവർക്കെതിരെ പിഴയ്ക്ക് പുറമേ മറ്റ് നടപടികളെടുക്കുന്നതിന്റെ സാദ്ധ്യതയും തേടുന്നുണ്ട്.
കൂടുതൽ വൈക്കം താലൂക്കിൽ
വൈക്കം: 72.
ചങ്ങനാശേരി: 62.
കോട്ടയം:59.
മീനച്ചിൽ: 41.
അനർഹർ ആരൊക്കെ?
സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ളവർ, സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടിയിലധികം വീസ്തീർണമുള്ള വീടോ ഫ്‌ളാറ്റോ ഉള്ളവർ, ഏക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ നാല് ചക്രവാഹനം സ്വന്തമായി ഉള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ 25000 രൂപയുടെ വരുമാനമുള്ളവർ.
ജില്ലാ സപ്ളൈ ഓഫീസർ പറയുന്നു.
പരിശോധന തുടരുകയാണ്. സാധാരണക്കാർക്ക് വിവരങ്ങൾ കൈമാറാം. പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ 91 88 52 73 19 എന്ന നമ്പരിൽ കൈമാറാം.