പാലാ: പാലാ രൂപത ''കൂട്ടിക്കൽ മിഷൻ'' വഴി പണീതീർത്ത പുതിയ വീടുകളുടെ താക്കോൽദാനം ഇന്ന് രാവിലെ 10.30ന് കൂട്ടിക്കൽ സെന്റ് ജോർജ്ജ് പാരിഷ്ഹാളിൽ നടക്കുമെന്ന് പാലാ രൂപത കൂട്ടിക്കൽ മിഷൻ ഭാരവാഹികളായ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. തോമസ് കിഴക്കേൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി. ജോർജ് പുരയിടം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രകൃതിക്ഷോഭം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കലിലെ ജനതയ്ക്ക് കൈത്താങ്ങാവുകയാണ് പാലാ രൂപതയുടെ വക പുതുപുത്തൻ വീടുകൾ. കൂട്ടിക്കൽ മിഷന്റെ ഭാഗമായി പുതുതായി പണിതീർത്ത ഒൻപത് വീടുകളുടെ താക്കോൽദാനവും രാജു സ്‌കറിയ പൊട്ടംകുളം ദാനമായി നൽകിയ സ്ഥലത്ത് നിർമ്മിക്കുന്ന എട്ട് വീടുകളുടെ ശിലാസ്ഥാപനവുമാണ് ഇന്ന് നടക്കുന്നത്. ഒരു വീടിന് 8 ലക്ഷം രൂപയോളം നിർമ്മാണച്ചിലവ് വരുമെന്നും ഭാരവാഹികൾ പറഞ്ഞു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന്റെ ഉദ്ഘാടനവും വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കും. കൂട്ടിക്കൽ മിഷന്റെ ഭാഗമായി 83 വീടുകളാണ് പാലാ രൂപത പണിത് നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. 29 പുതിയ വീടുകളുടെ നിർമ്മാണവും 54 വീടുകൾക്കുള്ള അറ്റകുറ്റപ്പണികളുടെ സഹായവുമടക്കം 83 കുടുംബങ്ങൾക്കാണ് വാസയോഗ്യമായ വീടുകൾ ഉറപ്പുവരുത്തുന്നത്. വിവിധ സംഘടനകളുടെയും പാലാ രൂപതയിലെ ഇടവകകളുടെയും സഹകരണത്തോടെയാണ് വീടുകൾ നിർമ്മിക്കുന്നത്.