കോട്ടയം: പ്രളയം നാശംവിതച്ച കൂട്ടിക്കലിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. കൂട്ടിക്കലില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'സമസ്ത' നിർമ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോൽദാനവും തുടർന്നുള്ള മത, സാംസ്‌കാരിക സമ്മേളനവും നാളെ വൈകിട്ട് 3ന് പാണക്കാട് സയ്യിദ് ഹമീദലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൂട്ടിക്കല്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജം ഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, വാഴൂര്‍ സോമന്‍ എം.എല്‍.എ , സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഐ.ബി. ഉസ്മാന്‍ ഫൈസി, ഇ.എസ്.ഹസ്സന്‍ ഫൈസി, സിറാജുദ്ദീന്‍ അല്‍ ഖാസിമി , മഅ്മൂന്‍ ഹുദവി വണ്ടൂര്‍, , അസീസ് ബഡായി, എന്നിവര്‍ പ്രസംഗിക്കും. കൂട്ടിക്കല്‍ മുസ്‌ലിം ജമാഅത്താണ് വീടിന് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. മുസ്തഫ മുണ്ടുപാറ (എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി), ഒ.എം.ശരീഫ് ദാരിമി, (സമസ്ത സ്റ്റേറ്റ് ഓര്‍ഗനൈസര്‍), കെ.എ.ശരീഫ്കുട്ടി ഹാജി (സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍, ജില്ലാ പ്രസിഡന്റ്) എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.