lawyers

പാലാ. കോടികൾ മുടക്കി നിർമ്മിച്ച പാലാ ലോയേഴ്‌സ് ചേംബറിലെ കുടുസുമുറികൾ ആർക്കും വേണ്ട! പാലാ കോടതി സമുച്ചയത്തോട് ചേർന്ന് മൂന്നാനിയിൽ അഭിഭാഷകർക്കായി പാലാ നഗരസഭ നിർമ്മിച്ച ലോയേഴ്‌സ് ചേംബർ കം കൊമേഴ്‌സ്യൽ കോംപ്ലക്‌സിന്റെ മുറികളാണ് ലേലത്തിൽ പിടിക്കാൻ ആളില്ലാത്തത്. ബുധനാഴ്ച നടത്തിയ ലേലത്തിൽ 9 പേർ മാത്രമാണ് പങ്കെടുത്തത്. ഇവരിൽ അഞ്ചുപേരേ മുറിയെടുത്തുള്ളൂ. 72 മുറികളാണ് ലോയേഴ്‌സ് ചേംബറിൽ ഉള്ളത്.

മൂന്നരക്കോടി രൂപ മുടക്കിയാണ് നഗരസഭാ അധികൃതർ ഈ ബഹുനില കെട്ടിടം പണിതുയർത്തിയത്. കഴിഞ്ഞ 23 നായിരുന്നു ഉദ്ഘാടനം. പാലായിൽ 200ൽപരം അഭിഭാഷകരാണുള്ളത്. എന്നാൽ പാലായിലെ കോടതിയോട് ചേർന്നുള്ള നഗരസഭാ ലോയേഴ്‌സ് ചേംബറിലെ മുറികളെടുക്കാൻ മിക്ക അഭിഭാഷകർക്കും താത്പര്യമില്ലെന്ന് ആദ്യദിവസത്തെ ലേലനടപടികൾ സൂചിപ്പിക്കുന്നു.

മൂന്നുനിലകളിലും ലക്ഷക്കണക്കിന് രൂപയുടെ ഡിപ്പോസിറ്റാണ് ചോദിക്കുന്നത്. ആദ്യഘട്ടത്തിൽ വേണ്ടത്ര ആളുകൾ ലേലത്തിൽ പങ്കെടുക്കാൻ എത്താത്ത സാഹചര്യത്തിൽ നഗരസഭാ അധികൃതർ തുക ഗണ്യമായി കുറയ്ക്കുമെന്ന് വക്കീലൻമാർക്ക് അറിയാം. ഇതു കാത്തിരിക്കുകയാണ് ഒരു വിഭാഗം.

മുറികളുടെ വലിപ്പക്കുറവും പലരും ചൂണ്ടിക്കാണിക്കുന്നു. ബാത്ത്‌റൂം അ‌ടക്കം 180 ചതുരശ്ര അടിയാണ് ഒരു മുറിയുടെ അളവ്. 150 ചതുരശ്ര അടിയേ ഓഫീസ് ഉപയോഗത്തിന് ലഭിക്കൂ. ഇത് അസൗകര്യമാണ്.

ജുഡീഷ്യൽ കോംപ്ലക്‌സ് പരിസരത്തേക്ക് നിലവിൽ 50 ഓളം അഭിഭാഷകർ മാത്രമേ തങ്ങളുടെ ഓഫീസ് മാറ്റിയിട്ടുള്ളൂ. ബാക്കിയെല്ലാവരുടെയും പാലാ ടൗണിലെ ഓഫീസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

പാലായിലെെ അഭിഭാഷകർ 200.

ലോയേഴ്‌സ് ചേംബറിലെ മുറികൾ: 75

ലേലത്തിൽ പോയ മുറികൾ: 5

പാലായിലെ ഒരു അഭിഭാഷകൻ പറയുന്നു.

ഞങ്ങൾക്ക് പാലായിൽ പതിറ്റാണ്ടുകളായുള്ള ഓഫീസുകളുണ്ട്. ഇതാകട്ടെ സാധാരണക്കാർക്ക് ചിരപരിചിതവുമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ലാവണം വിട്ടൊഴിഞ്ഞ് മൂന്നാനിയിലേക്ക് പോകാൻ താത്പര്യമില്ല.

കുടുസു മുറികൾ നഗരസഭ സ്പെഷ്യൽ.

ആവശ്യത്തിൽ കുറഞ്ഞ അളവിലുള്ള മുറികൾ പണിയുകയെന്നത് പാലാ നഗരസഭയുടെ സ്പെഷ്യാലിറ്റിയാണ്. മുരിക്കുംപുഴയിലെ നഗരസഭാ കോംപ്ളക്സിൽ പണിതിരിക്കുന്ന കട മുറികൾ മറ്റൊരു ഉദാഹരണം. ഒരു മുറുക്കാൻ കടങ്ങളുടെ വലുപ്പത്തിലാണ് ഇവിടെ മുറി തിരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഭേദപ്പെട്ട വ്യാപാര സ്ഥാപനങ്ങളൊന്നും ഇവിട‌െ തു‌ടങ്ങാൻ കഴിഞ്ഞിട്ടില്ല.