amma

കോട്ടയം. ലാലേട്ടനെ ഒന്നു കാണണം,​ കെട്ടിപ്പിടിച്ച് പടമെടുക്കണം. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനായട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ പ്രതീക്ഷാ ഭവൻ സ്കൂളിലെ അജിന രാജിന്റെ (20)​ ആഗ്രഹം എങ്ങനെയെങ്കിലും നടക്കണേയെന്ന പ്രാർത്ഥനയുണ്ട് മാതാപിതാക്കളായ പ്രസന്നയുടേയും രാജന്റെയും മനസ് നിറയെ. വൈകി വന്ന വസന്തത്തിന്റെ കുറവുകളിൽ സങ്കടപ്പെടാതെ അവളുടെ നിറചിരിക്കായി ജീവിതമർപ്പിക്കുകയാണ് ഇരുവരും.

പാപ്പിനിശേരി ലിജിനാ നിവാസിൽ അജിന പത്ത് വർഷമായി കലാ ലോകത്തുണ്ട്. ഇപ്പോൾ ഗോപിനാഥ് മുതുകാടിനൊപ്പം മാജിക് പ്ളാനറ്റിൽ. അജിന നാലാം വയസിലാണ് നടക്കാൻ തുടങ്ങിയത്. സമീപത്തെ ക്ഷേത്രത്തിലെ പാട്ടിന് അനുസരിച്ച് കൈകളനക്കിയും തലയാട്ടിയും ഉള്ളിലുറഞ്ഞ താളബോധം പുറത്തു കാട്ടി. സാമ്പത്തിക പരാധീനതകൾ കേളികൊട്ടിയപ്പോഴും മകളെ മോഹിനിയാട്ടവും ഭരതനാട്യവുമെല്ലാം പരിശീലിപ്പിച്ചു. വൈകിയാണ് പ്രസന്നയും രാജനും വിവാഹിതരായത്. വിഷമിച്ചിരുന്നൊരു കാലത്ത് നിന്ന് അജിനയുടെ അച്ഛനും അമ്മയുമെന്ന് അറിയപ്പെട്ടു തുടങ്ങിയതിന്റെ സന്തോഷമുണ്ട് വർഷങ്ങളായിട്ട്. അജിന വേദിയിലേയ്ക്ക് എത്തിയപ്പോൾ മുതൽ സദസിന്റെ മൂലയ്ക്കിരുന്ന് പ്രസന്ന കരയുകയായിരുന്നു. വേദി വിട്ട് വന്ന മകളെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു. മോഹൻ ലാലിന്റെ കടുത്ത ആരാധികയായ അജിനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗാണ് '' എന്നോടു പറ ഐ ലവ് യൂ' എന്നത്. അജിനയെ കാണുന്നവരൊക്കെ പറഞ്ഞു പോകും, ഐ ലവ് യൂ അജിനായെന്ന്!