പാലാ : എല്ലാവരുടെയും മനസിൽ വില്ലൻ പരിവേഷമാണ് വീരപ്പനെങ്കിൽ സത്യമംഗലത്തുകാർക്ക് ദൈവദൂതനാണ്. ഭക്ഷണത്തിന് ഭക്ഷണം, മരുന്നിന് മരുന്ന്, എല്ലാം ഇവർക്ക് എത്തിച്ചുകൊടുത്തിരുന്നു. പറയുന്നത് വീരപ്പന്റെ വിഹാരരംഗമായിരുന്ന തമിഴ്‌നാട് കർണ്ണാടക അതിർത്തിയിലെ സത്യമംഗലം കാടിനോട് ചേർന്നുള്ള നഗലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മുൻവികാരിയും മലയാളിയുമായ റവ. ഫാ. മൈക്കിൾ മേനാംപറമ്പിലാണ്. 2004 ഒക്‌ടോബർ 18 നാണ് വീരപ്പൻ കൊല്ലപ്പെട്ടത്. അന്ന് നഗലൂർ പള്ളി വികാരിയായിരുന്നു ഫാ.മൈക്കിൾ.

നഗലൂർ പള്ളിയുടെ ഒരു കുരിശുപള്ളി അന്ന് ഉൾവനത്തിൽ സ്ഥിതി ചെയ്തിരുന്നു. കാട്ടിൽ പത്ത് കിലോമീറ്റർ അകലെയായിരുന്നു ഇത്. ''വനത്തിൽ ചിന്നപ്പൻ'' എന്ന പേരിൽ പ്രശസ്തമായ അന്തോണീസ് പുണ്യാളനായിരുന്നു ഇവിടുത്തെ മദ്ധ്യസ്ഥൻ. പലപ്പോഴും വീരപ്പനും സംഘവും ഈ പള്ളിയിൽ വന്ന് പ്രാർത്ഥിച്ചിരുന്നു. എല്ലാ മാസവും ആദ്യശനിയാഴ്ചയാണ് പ്രാർത്ഥന നടക്കുന്നത്. പൊങ്കൽ ആണ് പ്രധാന നേർച്ച. 2002 ലെ ഒരു പൊങ്കൽ ദിനത്തിൽ തമിഴ്‌നാട് പൊലീസിലെ ഒരു സംഘം മൈക്കിളച്ചനെ തേടിയെത്തി. വീരപ്പൻ രണ്ട് മാസത്തിലൊരിക്കലെങ്കിലും പള്ളിയിൽ എത്താറുണ്ടെന്ന് സൂചനയുണ്ടെന്നും പള്ളിയിൽ തങ്ങളെ തങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. പിന്നീട്‌ വീരപ്പനെ പിടികൂടാൻ ഒരു മാസത്തോളം പൊലീസ് സംഘം വേഷപ്രച്ഛന്നരായി പള്ളിയിൽ തങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിദ്ധമായ വേളാങ്കണ്ണിപ്പള്ളി വികാരിയായും സേവനം ചെയ്തിട്ടുള്ള ഫാ. മൈക്കിൾ ഏഴ് വർഷം മുമ്പ് ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ചു.