കോട്ടയം: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. അയ്മനം ജയന്തിജ ജംഗ്ഷൻ മങ്കീഴേപ്പടി വീട്ടിൽ വിനീത് (35) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ പുകതോമ എന്ന് വിളിക്കുന്ന തോമസും ചേർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോട്ടയം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മറ്റൊരു പ്രതിയായ അലോട്ടിയേയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയിലിട്ട് ആക്രമിച്ചശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികളിൽ ഒരാളായ തോമസിനെ പൊലീസ് നേരത്തെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് വിനീതിനായി തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇയാളെ കുമളിയിൽ നിന്നും പിടികൂടിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 25 ഓളം കേസുകളുണ്ട്.