പാലാ: രാമപുരം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭ്യമായതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് തുടങ്ങിയവർ അറിയിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതി നടപ്പിൽവരുത്തുന്നതിനെതിരെ ഏഴ് യു.ഡി.എഫ് അംഗങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയ പരാതി തള്ളിയാണ് ഉത്തരവായത്. ജൂലായ് 23 ന് അന്തിമപദ്ധതി അംഗീകാരത്തിനായി ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ 10 അംഗങ്ങൾ പദ്ധതിയിൽ ചില ഭേദഗതികൾ വേണമെന്ന് ആവശ്യപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം ജൂലായ് 27ന് പഞ്ചായത്തിൽ ഭരണമാറ്റവും ഉണ്ടായി. പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റെടുത്ത ശേഷം പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേർത്ത് രാമപുരം ഗവ. ആശുപത്രിയിൽ വൈകുന്നേരം ഡോക്ടറുടെ സേവനം ഏർപ്പെടുത്താനും പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം ആരംഭിക്കാനുമുള്ള ഭേദഗതികൾ വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതി സമർപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു.

ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. പരാതിക്കടിസ്ഥാനമായി പറഞ്ഞിരുന്ന രേഖകൾ സർക്കാർ പരിശോധിച്ച ശേഷമാണ് പദ്ധതി അംഗീകരിച്ച് ഉത്തരവായത്. ഇതോടെ പദ്ധതി നിർവഹണത്തിനുണ്ടായിരുന്ന തടസങ്ങൾ നീങ്ങിയതായി പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, മെമ്പർമാരായ ആന്റണി മാത്യു, ജെയ്‌മോൻ തോമസ്, വിജയകുമാർ, ആൻസി ബെന്നി, ബീനാ സണ്ണി എന്നിവർ വ്യക്തമാക്കി.