അടിസ്ഥാന സൗകര്യങ്ങളില്ല

ചങ്ങനാശേരി: മാർക്കറ്റിലെ ലോറി സ്റ്റാൻഡിൽ ചരക്ക് ലോറികൾക്ക് പ്രവേശനം ഇന്നും അകലെ. ദിനംപ്രതി നൂറ് കണക്കിന് അന്യസംസ്ഥാന ലോറികൾ ഉൾപ്പെടെ എത്തുന്ന മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സ്റ്റാൻഡ് ഇന്നും പ്രവർത്തനക്ഷമമാകാതെ ശോച്യാവസ്ഥയിലാണ്. നഗരസഭയുടെ 30 വാർഡിലാണ് ലോറി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ആറ് വർഷം മുൻപ് നിർമ്മാണ പ്രവർത്തനം നടന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. സ്വകാര്യ വ്യക്തിയും നഗരസഭയും തമ്മിൽ നടന്ന നിയമയുദ്ധത്തിനൊടുവിലാണ് ലോറി സ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചത്. ഒരേക്കറോളം വരുന്ന നഗരസഭാ ഭൂമിയിൽ അറുപതു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. മാർക്കറ്റിലേക്ക് ചരക്കുമായി എത്തുന്ന ലോറികൾ ഇവിടെ പാർക്ക് ചെയ്ത് സൗകര്യാർത്ഥം വ്യാപാരസ്ഥാപനങ്ങളിൽ ചരക്കിറക്കി മടങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം. 25 ലോറി പാർക്ക് ചെയ്യാവുന്ന പ്രത്യേക ഷെഡ് നിർമ്മിച്ചു. ബാക്കി ഭാഗം കോൺക്രീറ്റും ചെയ്തു.

ടോയ് ലെറ്റ് സംവിധാനമില്ല

മാർക്കറ്റിനുള്ളിൽ പേരിനു പോലും ഒരു കംഫർട്ട് സ്റ്റേഷൻ ഇല്ല. അന്യസംസ്ഥാന ഡ്രൈവർമാർ ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി മറ്റിടങ്ങളെയും ആശ്രയിക്കണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മാർക്കറ്റിനുള്ളിലെ വീടുകളെയാണ് ആശ്രയിക്കുന്നത്. സ്റ്റാൻഡിൽ നിർമ്മിച്ചിരിക്കുന്ന ഷെഡിൽ പുറത്തു നിന്നുള്ള കാറുകളും മറ്റ് വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. ലോറി സ്റ്റാൻഡും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ ഇവിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രവുമായി. ഷെഡിന്റെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞും തകർന്ന നിലയിലുമാണ്. ഒരുവശത്തുകൂടി കയറി മറ്റൊരു വശത്തുകൂടെ ലോറി ഇറങ്ങിപ്പോകുന്ന രീതിയിലായിരുന്നു സ്റ്റാൻഡിന്റെ നിർമ്മാണം. എന്നാൽ, ഇത് സ്വകാര്യ വ്യക്തിയുടേതായതിൽ ഈ വഴി അടച്ചു. ലോറി സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിച്ചാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനൊപ്പം നഗരസഭയ്ക്ക് വരുമാനവുമാകും.